കൊച്ചി: ചേരാനല്ലൂർ കാറപകടത്തിൽ എഎസ്ഐയുടെ സസ്പെൻഷൻ വാർത്തയറിഞ്ഞ് വിഷമത്തിലായ മാതാവ് കുഴഞ്ഞു വീണു മരിച്ചു. ചേരാനല്ലൂർ സ്റ്റേഷനിലെ എഎസ്ഐ കെ.ടി.മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പിൽ എൻ.കെ.സരസുവാണ് (71) മരിച്ചത്. 17കാരൻ ഓടിച്ച കാറിടിച്ചു വയോധികൻ മരിച്ച സംഭവത്തിൽ അനാസ്ഥ ആരോപിച്ച് മനോജടക്കം 4 പേരെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ വാർത്തയറിഞ്ഞു സരസു അതീവ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. ഹൃദയസംബന്ധമായ അസുഖത്തിനു സരസു ചികിത്സയിലായിരുന്നു. മനോജിനൊപ്പമായിരുന്നു സരസു കഴിഞ്ഞിരുന്നത്. ഏതാനും ദിവസങ്ങളായി മകൾ മഞ്ജുവിന്റെ പാതാളത്തെ വസതിയിലാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച ഉച്ചയോടെ സംസ്കാരം നടത്തി. ഭർത്താവ് പരേതനായ തേവൻ. മരുമകൾ: സുമ.








