യുഎഇയിൽ ആത്മഹത്യാശ്രമം ഇനി കുറ്റകരമല്ല: പുതിയ നിയമ ഭേദഗതി പ്രഖ്യാപിച്ചു; പ്രേരണയ്ക്കും സഹായത്തിനും കഠിന ശിക്ഷ

ദുബായ്: യുഎഇയിൽ ആത്മഹത്യാശ്രമം ഇനി ക്രിമിനൽ കുറ്റമല്ല. രാജ്യത്തെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിൽ മാറ്റം വരുത്തി. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ ശിക്ഷിക്കുന്നതിന് പകരം ചികിത്സ, മാനസികാരോഗ്യ പിന്തുണ, മുൻകരുതൽ, അടിയന്തര ഇടപെടൽ എന്നിവയ്ക്ക് മുൻഗണന നൽകുന്ന സമീപനമാണ് പുതിയ നിയമം മുന്നോട്ടുവയ്ക്കുന്നത്. മറ്റൊരാളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ അതിന് സഹായം നൽകുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്തു. ക്രൈംസ്​ ആൻഡ്​ പെനാൽറ്റീസ്​ നിയമത്തിൽ ഭേദഗതി വരുത്തിയാണ്​ ആത്​മഹത്യ ശ്രമം ക്രിമിനൽ കുറ്റമല്ലാതാക്കിയത്​. ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരണം സംഭവിക്കാത്ത സാഹചര്യത്തിൽ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. പ്രേരണയോ സഹായമോ മൂലം ഗുരുതരമായ സ്ഥിരവൈകല്യം, രോഗാവസ്ഥ, അല്ലെങ്കിൽ 20 ദിവസത്തിലേറെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥ എന്നിവ ഉണ്ടായാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാം. പ്രേരണയോ സഹായമോ മൂലം ആത്മഹത്യ സംഭവിച്ചാൽ അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കും. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന വിദേശ പൗരന്മാരെ നാടുകടത്താനും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. 18 വയസ്സിൽ താഴെയുള്ളവരെയോ സ്വന്തം തീരുമാനമെടുക്കാനുള്ള ശേഷിയോ കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ കുറഞ്ഞവരെയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത് ഗുരുതരമായ സാഹചര്യമായി കണക്കാക്കും. ഇത്തരം സാഹചര്യത്തിൽ സംഭവത്തിന്‍റെ സ്വഭാവമനുസരിച്ച് മനഃപൂർവമുള്ള കൊലപാതകത്തിനോ കൊലപാതകശ്രമത്തിനോ ബാധകമായ ശിക്ഷ കുറ്റവാളിക്ക് ലഭിക്കാം. കൊല​പാതക ​കേസുകളിലെ ശിക്ഷയിലും മാറ്റം വരുത്തിയിട്ടുണ്ട്​. ഇരയുടെ അവകാശികൾ നിയമനടപടിയുടെ ഏതെങ്കിലും ഘട്ടത്തിൽ ഖിസാസ് അവകാശം ഉപേക്ഷിക്കുകയോ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അതിന് തയ്യാറാകുകയോ ചെയ്താൽ കുറ്റവാളിക്ക് 15 മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്. കുടുംബം മാപ്പ്​ നൽകിയത്​ കൊണ്ട്​ മാത്രം കുറ്റകൃത്യത്തോടുള്ള ഭരണകൂടത്തിന്‍റെ നിയമപരമായ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നാണ്​ ഈ ഭേദഗതിയിലൂടെ വ്യക്​തമാക്കുന്നത്​.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page