കാസര്‍കോട്: ഡോക്ടറും എഞ്ചിനീയറും ചമഞ്ഞ് നൂറോളം സ്ത്രീകളെ വിവാഹ തട്ടിപ്പിനിരയാക്കി സ്വര്‍ണവും പണവുമായി കടന്നു കളഞ്ഞ യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാൽസംഗ കേസിലെ പ്രതിയായ വയനാട്, മാനന്തവാടി, വെള്ളറ, ചെന്നിക്കര വീട്ടില്‍ ബിജു ആന്റണി (45)യെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റു ചെയ്തത്. സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ ഭാര്യക്കും മക്കള്‍ക്കും ഒപ്പം താമസിച്ചു വരുന്നതിനിടയിലാണ് അറസ്റ്റ്. ഡോക്ടര്‍ ചമഞ്ഞ് തളിപ്പറമ്പ് സ്വദേശിനിയായ യുവതിയെ ഹൊസങ്കടിയിലെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നതിനാണ് ബിജു ആന്റണിക്കെതിരെ മഞ്ചേശ്വരം പൊലീസില്‍ കേസുള്ളത്. യുവതിയുടെ മൂന്നരപ്പവന്‍ തട്ടിയതായും പരാതിയുണ്ട്.
2020ല്‍ ആണ് ഇയാള്‍ തട്ടിപ്പ് തുടങ്ങിയത്. ചേര്‍ത്തല, വയലാറില്‍ രമ്യയെന്ന യുവതിയെ വിവാഹം കഴിച്ചു കൊണ്ടായിരുന്നു തട്ടിപ്പിന്റെ തുടക്കം. രാജേഷ് എന്ന പേരിലാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ 30,000 രൂപയും ഏഴു പവന്‍ സ്വര്‍ണവും കൈക്കലാക്കിയാണ് ഇയാള്‍ സ്ഥലം വിട്ടത്. രമ്യയുടെ പരാതിയില്‍ ചേര്‍ത്തല പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രസ്തുത കേസില്‍ ആറു വര്‍ഷത്തിന് ശേഷമാണ് ബിജു ആന്റണി അറസ്റ്റിലായത് . ഡോക്ടറാണെന്നു പറഞ്ഞ് വിവാഹ പരസ്യം നല്‍കി യുവതികളെ പരിചയപ്പെട്ട ശേഷം അവരെ ചതിച്ച് സ്വര്‍ണാഭരണങ്ങളുമായി മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇയാൾ ഇരകളെ പരിചയപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.







