അമരാവതി: സെല്‍ഫിയെടുക്കുന്നതിനിടെ പാറക്കെട്ടില്‍ നിന്ന് കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ സമീപവാസികള്‍ രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുള്ള മൂലഗമ്മി വെള്ളച്ചാട്ടത്തില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം. ഹുകുംപേട്ടയ്ക്ക് അടുത്ത് ജംബുവലസ ഗ്രാമത്തിലെ ത്രിഷ (17), രത്‌നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കളായ നാല് പേരും വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്ത് വഴുക്കുള്ള പാറയില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഒരാള്‍ വഴുതി വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. നിലവിളി കേട്ട് ഓടിയെത്തിയവരാണ് മുങ്ങിത്താണുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ ഒഴുകിപ്പോയ മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പൊലീസ് എത്തിയാണ് പുറത്തെടുത്തത്.







