മഥുര: പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി യാത്ര ചെയ്യുകയായിരുന്ന ടൂറിസ്റ്റ് ബോട്ട് വൃന്ദാവനിലെ യമുനാ നദിയിൽ മറിഞ്ഞ് 10 പേർ മരിച്ചു. നിരവധിപേരെ കാണാതായതായി അധികൃതർ അറിയിച്ചു. 25വോളം വിനോദസഞ്ചാരികളുമായി നദിയുടെ ആഴമേറിയ ഭാഗത്ത് കൂടി ബോട്ട് അതിവേഗത്തിൽ സഞ്ചരിക്കുന്നതിനിടയിൽ പുഴയിലൂടെ ഒഴുകിവന്ന കടത്ത് ചങ്ങാടത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത് .കേസി ഘട്ടിനടുത്തായിരുന്നു അപകടം .പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഈ കടവിൽ അടുത്തിടെ കടത്തു ചങ്ങാടം ഒഴിവാക്കിയിരുന്നതാണ്. അപകടമുണ്ടായ ഉടനെ ആറു പേർ മരിച്ചതായി ജില്ലാ കളക്ടർ ചന്ദ്രപ്രകാശ് സിംഗ് അറിയിച്ചിരുന്നു. രക്ഷാപ്രവർത്തകർ പിന്നീട് 4 മൃതദേഹങ്ങൾ കൂടി കരയ്ക്കെത്തിച്ചു .17 പേരെ സുരക്ഷിതരായി കരയ്ക്കെ ത്തിച്ചതായി അധികൃതർ പറഞ്ഞു.മരിച്ചവരിൽ നാല് സ്ത്രീകളും 6 പുരുഷന്മാരും ആണെന്ന് വൃന്ദാവൻ ആശുപത്രി അധികൃതർ അറിയിച്ചു. സുരക്ഷാപ്രവർത്തനങ്ങൾ ഊർജ്ജതമായി തുടരുന്നു. അമ്പതോളം നീന്തൽ വിദഗ്ധരും ദേശീയ ദുരന്ത പരിഹാര സേനാ വിഭാഗവും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. പഞ്ചാബിൽ നിന്ന് എത്തിയ 150 ടൂറിസ്റ്റുകളുടെ സംഘത്തിൽ പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. പോലീസും ജില്ലാ കളക്ടറും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.







