മുംബൈ: മാതാവ് അനുജത്തിയോട് കൂടുതല്‍ സ്‌നേഹവും കരുതലും കാണിക്കുന്നതിലുള്ള സങ്കടത്തില്‍ 13 കാരി വീടുവിട്ടുപോയതായി പൊലീസ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ഹഞ്ചരോളി ഗ്രാമത്തിലെ താമസക്കാരിയായ പെണ്‍കുട്ടി അമ്മ തന്റെ അനുജത്തിയോട് കൂടുതല്‍ സ്‌നേഹം കാണിക്കുകയും പ്രത്യേക പരിഗണന നല്‍കുകയും ചെയ്യുന്നതില്‍ നിരന്തരം പരാതിപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെറിയ കുട്ടിയായതിനാലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതിനാലുമാണ് അനുജത്തിയോട് കൂടുതല്‍ കരുതല്‍ കാണിക്കുന്നതെന്ന് മനസിലാക്കി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി അത് ചെവികൊണ്ടില്ല.
തന്നെ സ്‌നേഹിക്കുന്നില്ലെന്നായിരുന്നു അവളുടെ പരിഭവം. ഇക്കാര്യത്തെ ചൊല്ലി മാതാവിനോട് വഴക്കിടുന്നതും പതിവാണ്. തുടര്‍ന്ന് കഴിഞ്ഞദിവസം വീടുവിട്ടുപോവുകയായിരുന്നു. പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡ്രാഞ്ചരോളി അണക്കെട്ടിന് സമീപം പെണ്‍കുട്ടിയെ കണ്ടെത്തി.
കുട്ടി എന്തെങ്കിലും കടും കൈ ചെയ്തിരിക്കുമോ എന്നായിരുന്നു ബന്ധുക്കളുടെ ആശങ്ക. എന്നാല്‍ പരിക്കേല്‍ക്കാതെ മകളെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ബന്ധുക്കള്‍. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി സഹോദരിയെ സ്‌നേഹിക്കുന്നതില്‍ തനിക്ക് പരിഭവമില്ലെന്ന് മാതാവിനോട് പറഞ്ഞു.







