കാട്ടിനുള്ളില്‍ യുവാവിനെ ഭാര്യയുടെ കാമുകനും സഹായികളും ചേര്‍ന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു;കൊലയില്‍ നടുങ്ങി 5 വയസ്സുകാരനായ മകന്‍

തിരുപ്പതി: ഒളിച്ചോടിയ ഭാര്യയെ കണ്ടെത്താനിറങ്ങിയ യുവാവിനെ ഭാര്യയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധിയെ(45) ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുവും കൂട്ടാളികളും തലക്കടിച്ച് കൊലപ്പെടുത്തിയത്.

അഞ്ച് വയസുകാരനായ മകന്റെ മുന്നിലിട്ടാണ് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് സംഭവം. അഞ്ച് വയസുകാരനായ മകന്‍ സന്ദീപിന്റെ മുന്നിലിട്ടായിരുന്നു കൊലപാതകം നടന്നത്. പിതാവിനെ ആക്രമിക്കുന്നത് കണ്ട് ഭയന്ന കുട്ടി ഓടി കുറ്റിക്കാട്ടില്‍ ഒളിച്ചതിനാലാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

പിതാവ് മരിച്ചതോടെ തനിച്ചായ കുട്ടി ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിനൊപ്പം കാട്ടില്‍ കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ കാട്ടില്‍ നിന്നും പുറത്തെത്തി ഗ്രാമവാസികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികളെത്തി പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതി നരസിംഹലുവിനെയും രണ്ടുകൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അടുത്തിടെയാണ് ഭര്‍ത്താവിനേയും മകനേയും ഉപേക്ഷിച്ച് രാസാത്തി കാമുകനായ നരസിംഹലുവിനൊപ്പം പോയത്. വീടുവിട്ടിറങ്ങിയ ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ഗാന്ധി. ഇതിനിടെയാണ് രാസാത്തി അന്നമയ്യ ജില്ലയില്‍ ഉണ്ടെന്ന വിവരം അറിഞ്ഞത്. പിന്നാലെ മകനേയും കൂട്ടി അവിടെ എത്തി.
അന്വേഷണത്തിനൊടുവില്‍ ഗാന്ധി ഭാര്യയുടെ കാമുകനായ നരസിംഹലുവിനെ കാണുകയും ഭാര്യയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഭാര്യയെ കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ നരസിംഹലു ഗാന്ധിയെ മദ്യപിക്കാന്‍ ക്ഷണിച്ചു. മദ്യപിച്ചശേഷം അവര്‍ പിതാവിനേയും മകനേയും സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് നരസിംഹലു ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ മരണം നേരില്‍ കണ്ടതിന്റെ നടുക്കത്തില്‍ നിന്ന് കുട്ടി ഇതുവരെ മോചിതനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ കുട്ടിയെ ഒരു പ്രാദേശിക പരിചരണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page