കൊല്ലം: കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറിടിച്ച് കായികതാരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വള്ളിക്കീഴ് ഗവ. സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ രാമന്‍കുളങ്ങര സ്വദേശി ധനലക്ഷ്മി(14), വള്ളിക്കീഴ് സ്വദേശി ചിഞ്ചുലക്ഷ്മി (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഹോക്കി കളിക്കാരാണ്. ലിങ്ക് റോഡില്‍ വച്ചാണ് അപകടം ഉണ്ടായത്. കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി പെണ്‍കുട്ടികളെ ഇടിക്കുകയായിരുന്നു.
കൈവേരി തകര്‍ന്ന് കുട്ടികള്‍ കായലില്‍ വീണു. ഇവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബിന്ദു കൃഷ്ണ. ഇവരുടെ മകന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് നാലുപേര്‍ കാറിലുണ്ടായിരുന്നു. അപകടത്തില്‍ പുഴയിലേക്ക് തെറിച്ചുവീണ ചിഞ്ചുലക്ഷ്മിയെ നാട്ടുകാരാണ് കരയ്‌ക്കെത്തിച്ചത്. ധനലക്ഷ്മി നടപ്പാതയിലെ കമ്പിയില്‍ കുടുങ്ങിയനിലയിലായിരുന്നു. അപകടത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ വളഞ്ഞ് പൊലീസില്‍ അറിയിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശി ദേവാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കാറോടിച്ചത് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരാണെന്നാണ് വിവരം.







