സുള്ള്യ: കര്‍ണ്ണാടകയിലെ കുടകില്‍ ട്രക്കിംഗിനിടയില്‍ കാണാതായ മലയാളി യുവതിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഡ്രോണ്‍, പൊലീസ് നായ, മലകയറ്റ വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെയാണ് ഞായറാഴ്ച രാവിലെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. കോഴിക്കോട്, നാദാപുരം സ്വദേശിയും കൊച്ചിയിലെ ഐടി പ്രൊഫഷണലുമായ ജിഎസ് ശരണ്യ (36)യെ ഏപ്രില്‍ രണ്ടു മുതല്‍ക്കാണ് കാണാതായത്.
കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ തടിയന്റമുകള്‍ കയറാന്‍ എത്തിയതായിരുന്നു ശരണ്യ. ഒറ്റക്കാണ് ശരണ്യ കൊച്ചിയില്‍ നിന്നും മലകയറ്റത്തിനു എത്തിയത്. ഏപ്രില്‍ ഒന്നിന് രാത്രി നാപോക്ക്, യാവകപാടിയിലെ ഹോം സ്‌റ്റേയിലാണ് ശരണ്യ താമസിച്ചിരുന്നത്. ഏപ്രില്‍ രണ്ടിന് രാവിലെ എട്ടേകാല്‍ മണിയോടെ വനം വകുപ്പിന്റെ പാസ് വാങ്ങിയാണ് ട്രക്കിംഗ് ആരംഭിച്ചത്. പ്രദേശത്ത് കാട്ടാന ശല്യം ഉള്ളതിനാല്‍ മറ്റു പത്തു പേര്‍ അടങ്ങുന്ന സംഘത്തോടൊപ്പം പോകാനാണ് ശരണ്യയോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നത്. വൈകുന്നേരം നാലു മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴി തെറ്റിയതായി ശരണ്യ ഹോം സ്‌റ്റേ ജീവനക്കാരെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് സിഗ്നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടര്‍ന്ന് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് 60 പേരാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. നിബിഡ വനവും പ്രതികൂല കാലാവസ്ഥയും തെരച്ചിലിനു വെല്ലുവിളിയാകുന്നുണ്ട്. വിവരമറിഞ്ഞ് ശരണ്യയുടെ സഹോദരന്‍ കുടകില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ നാപോക്ക് പൊലീസ് കേസെടുത്തു.







