കണ്ണൂർ: സംസ്ഥാനത്ത് എൻഡിഎയും എൽഡിഎഫും ഒറ്റക്കെട്ടാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. മട്ടന്നൂർ വയത്തൂർ ,കണ്ണൂർ ,തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . റോഡ് ഷോ, കോർണർ മീറ്റിംഗ് എന്നിവയിലും അദ്ദേഹം പങ്കെടുത്തു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം പറഞ്ഞു .കേരളീയർ മാറ്റം ആഗ്രഹിക്കുന്നു. മെച്ചപ്പെട്ട വികസനം ആവശ്യപ്പെടുന്നു. തൊഴിലില്ലായ്മയ്ക്ക് പരിഹാരം തേടുന്നു. പത്തുവർഷത്തെ പിണറായി ഭരണം ഈ മേഖലകളെ മാത്രമല്ല, കേരളത്തെ തന്നെ കൂട്ടിച്ചോറാക്കി എന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ 5 ഇന്ദിര ഗ്യാരന്റികൾ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസും അറസ്റ്റും കേന്ദ്രസർക്കാർ നടത്തുമ്പോൾ കേരളത്തിൽ അതിനെതിരായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നു പിന്നീട് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതാണ് എൻ.ഡി.എ.യും എൽ.ഡി.എഫും തമ്മിലുള്ള ചങ്ങാത്തത്തിന്റെ പൊരുളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.







