കുണ്ടംകുഴി : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർമാരിൽ ആവേശമുണർത്താൻ ജില്ലാ ഭരണകൂടം നടത്തിയ മിനി മാരത്തോൺ മലയോരത്തു ആവേശം വിതറി. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നേതൃത്വത്തിൽ നടന്ന ‘വോട്ടായനം’ ജില്ലാതല പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബേഡകത്ത് മിനി മാരത്തോൺ സംഘടിപ്പിച്ചത്.ബേഡകം മുതൽ കുണ്ടംകുഴി വരെ നടന്ന മാരത്തോണിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി നൂറുകണക്കിന് പേർ പങ്കെടുത്തു. അഞ്ച് കിലോമീറ്ററോളം ദൂരം വെറും അരമണിക്കൂർ കൊണ്ട് ഓടിത്തീർത്താണ് വിജയികൾ ഫിനിഷിംഗ് പോയിന്റിലെത്തിയത്. പുരുഷ വിഭാഗത്തിൽ ചന്നകേശവ ദേലംപാടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മഹേഷ് ദേലംപാടി രണ്ടാമതായും പ്രജീഷ് കാറഡുക്ക മൂന്നാമതായും ഫിനിഷ് ചെയ്തു. വനിതാ വിഭാഗത്തിൽ ജയശ്രീ ദേലംപാടി ഒന്നാം സ്ഥാനവും ധന്യ ദേലംപാടി രണ്ടാം സ്ഥാനവും നേടി. സഞ്ജന കരിന്തളത്തിനാണ് മൂന്നാം സ്ഥാനം. വിജയികൾക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതം ക്യാഷ് പ്രൈസ് സമ്മാനിച്ചു.
കുണ്ടംകുഴി ടൗണിൽ നടന്ന സമാപന ചടങ്ങിൽ അഡീഷണൽ എസ്.പി. ദേവദാസ് സി.എം. വിജയികൾക്കു സമ്മാനം വിതരണം ചെയ്തു, സ്വീപ് നോഡൽ ഓഫീസറും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്ററുമായ രതീഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ.എം. കിഷോർ കുമാർ , സി.കെ. വിജയൻ, സി.ഡി.എസ്. ചെയർപേഴ്സൺ ഗുലാബി, എസ്. മനു, യദുരാജ്,പി രാജു, എം. ജിഷ, പി. ഗീതു പ്രസംഗിച്ചു. ബേഡകം ടൗൺ പരിസരത്ത് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.വി. ശ്രുതി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. യുവജനങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ, നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. പൗരൻ എന്ന നിലയിൽ വോട്ടവകാശം വിനിയോഗിക്കുക എന്നത് നമ്മുടെ കടമയാണെന്നും എല്ലാവരും പോളിംഗ് ബൂത്തിലെത്തണമെന്നും എ.ഡി.എം അഭിപ്രായപ്പെട്ടു. പറഞ്ഞു.






