മലപ്പുറം: റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂരങ്ങാടി നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ റോഡ് ഷോയ്ക്കിടെയിലാണ് സംഭവം. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കോയ(75)യാണ് മരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിനിടെ ആലുങ്ങല്‍ ബീച്ചില്‍ വെച്ചാണ് സംഭവം. സ്ഥാനാര്‍ത്ഥിക്ക് പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് കോയ പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. മുഹമ്മദ് കോയയുടെ മരണത്തിന് പിന്നാലെ റോഡ് ഷോ നിര്‍ത്തിവെച്ചു. സ്ഥാനാര്‍ത്ഥി പി.എം.എ സമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിക്കുകയും ചെയ്തു.







