കാസര്‍കോട്: നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ കോയിപ്പാടി സ്വദേശിയെ പിറ്റ് എന്‍ ഡി പി എസ് ആക്ട് ചുമത്തി അറസ്റ്റു ചെയ്തു. കുമ്പള, കോയിപ്പാടി കടപ്പുറം,ഷഫീറ മന്‍സിലിലെ കെ കെ സാദിഖി (33)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ തോമസ്, എസ് ഐ മാരായ സനിത്, അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോയതായും ഇനി ഒരു വര്‍ഷത്തേയ്ക്ക് ജാമ്യം ലഭിക്കില്ലെന്നും പൊലീസ് പറഞ്ഞു. നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ സാദിഖിനെ ഏറ്റവും ഒടുവില്‍ അറസ്റ്റു ചെയ്തത് 2025 ഡിസംബര്‍ ആറിന് സോങ്കാലില്‍ വച്ചാണ് .43.77 ഗ്രാം എം ഡി എം എ ആണ് അന്നു പിടികൂടിയിരുന്നതെന്നു പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളായ സോങ്കാലിലെ ഫ്‌ളാറ്റില്‍ താമസക്കാരനായ എ എം അഷ്‌റഫ് (26), കൂഡ്‌ലു പെരിയഡുക്കയിലെ എ കെ ഷംസുദ്ദീന്‍ (33) എന്നിവരെയും കുമ്പള പൊലീസ് അറസ്റ്റു ചെയ്തിരുന്നു.






