ബെംഗളൂരു: ഭക്ഷണം നല്‍കിയ വൃദ്ധയുടെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് കരയുന്ന കുരങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കര്‍ണാടകയിലെ റായറ ദോഡിയിലാണ് സംഭവം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മരിച്ച 85 കാരിയായ പാര്‍വതമ്മയുടെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് കരയുന്ന കുരങ്ങിന്റെ ദൃശ്യങ്ങള്‍ കണ്ടുനിന്നവരേയും ഈറനണിയിച്ചു.
വര്‍ഷങ്ങളായി തന്റെ വീടിന് സമീപം അലഞ്ഞുതിരിയുന്ന കുരങ്ങുകള്‍ക്ക് പാര്‍വതമ്മ ഭക്ഷണം നല്‍കുന്നത് പതിവാണ്. അതുകൊണ്ടുതന്നെ കുരങ്ങുകള്‍ക്ക് അവരുമായി വൈകാരിക ബന്ധമുണ്ട്. സമീപവാസികളെല്ലാം കുരങ്ങുകളെ ആട്ടിയോടിക്കുമ്പോള്‍ അവയെ മക്കളെ പോലെ കണ്ട് ഭക്ഷണവും സ്‌നേഹവും നല്‍കി പരിപാലിക്കുകയാണ് പാര്‍വതമ്മ. ആ സ്‌നേഹമാണ് പാര്‍വതമ്മ മരിച്ചുകിടക്കുമ്പോള്‍ കുരങ്ങന്‍ പ്രകടിപ്പിച്ചത്. ആ കാഴ്ച കണ്ടിരുന്നവര്‍ക്ക് നൊമ്പരമായി.
പാര്‍വതമ്മയുടെ മൃതദേഹം സംസ്‌ക്കാര ചടങ്ങുകള്‍ക്കായി കിടത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവന്ന ഒരു കുരങ്ങന്‍ വൃദ്ധയുടെ അരികിലിരുന്ന് തലയില്‍ മുഖം അമര്‍ത്തി കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വൃദ്ധയോടുള്ള കുരങ്ങിന്റെ സ്‌നേഹത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങള്‍.







