ജാംനഗര്‍: കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറിലെ ഡിഫന്‍സ് കോളനിയില്‍ കഴിഞ്ഞദിവസം ഉണ്ടായ കൊലപാതകം നാടിനെ സംഭ്രമിപ്പിച്ചിരിക്കുകയാണ്. കാരണം മരിച്ച യുവതി സഹോദര തുല്യം കണ്ടിരുന്ന ആളാണ് കൊലപാതകം നടത്തിയതെന്നതാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നത്. മാത്രമല്ല യുവതിയെ കാണാനില്ലെന്നറിഞ്ഞപ്പോള്‍ മുതല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അന്വേഷണത്തിന് മുന്‍പന്തിയില്‍ നിന്നതും ഇയാളായിരുന്നു.
ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയായ റിങ്കിദേവി ബന്തു സിംഗ് കതേരിയ ആണ് കൊല്ലപ്പെട്ടത്. 2021-ല്‍ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതോടെ ജാംനഗറില്‍ തന്റെ മൂന്ന് കുട്ടികള്‍ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. നാഗേഡിയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ ജോലിക്കാരിയായിരുന്നു റിങ്കിദേവി. ഇവര്‍ക്ക് രോഹിത് (19), നിതിന്‍ (17), അഞ്ജലി (6) എന്നീ മക്കളുണ്ട്. പിതാവ് മരിച്ചതോടെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു മാതാവ്.
രണ്ട് ദിവസം മുമ്പാണ് റിങ്കിദേവിയെ കാണാതാകുന്നത്. ജോലിക്ക് പോയി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മൂത്ത മകന്‍ രോഹിത് ലോക്കല്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ കതേരിയാസ് താഴ്വരയിലെ വീട്ടില്‍ താമസിച്ചിരുന്ന വിജയ് ഒഡിച്ചിന്റെ വീട്ടിലേക്ക് റിങ്കിദേവി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഒഡിച്ചിനെ സഹോദരനെ പോലെയായിരുന്നു റിങ്കിദേവി കണ്ടിരുന്നത്. എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ രാഖി കെട്ടുന്നത് റിങ്കി ദേവി പതിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും റിങ്കിദേവിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.
തങ്ങളെ മരുമക്കളെപ്പോലെയാണ് വിജയ് ഒഡിച്ച് കണ്ടിരുന്നത്. തങ്ങള്‍ തിരിച്ച് അദ്ദേഹത്തെ ഒരു അമ്മാവനെ പോലെ കണ്ടു. അമ്മയെ തിരയാന്‍ തങ്ങളുടെ കൂടെ നിന്നിരുന്ന വ്യക്തിയാണ് അവരെ കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് റിങ്കിയുടെ മകന്‍ രോഹിത് പറഞ്ഞു.
ഒഡിച്ചിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണ് മരണ കാരണം എന്നാണ് കാണിച്ചിരിക്കുന്നത്.







