ഒമാനിലെ ബര്‍കയില്‍ പ്രളയത്തിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുന്ന കാറിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയ പാകിസ്ഥാന്‍ യുവാവിന് അഭിനന്ദന പ്രവാഹം; ദൃശ്യങ്ങള്‍ വൈറല്‍

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ ദിവസത്തെ പ്രളയത്തിനിടെ ഇന്ത്യക്കാരെ രക്ഷിച്ച പാകിസ്താന്‍ യുവാവ് സമൂഹ മാധ്യമങ്ങളില്‍ വൈറായി. ബര്‍ക്കയില്‍ ജോലി ചെയ്യുന്ന ഷെഹ്സാദ് ഖാന്‍ എന്ന 25 വയസ്സുകാരനാണ് സമൂഹ മാധ്യമങ്ങളില്‍ താരമായത്. ഞായറാഴ്ച വൈകുന്നേരം ബര്‍ക്കയിലെ ഒരു വാദിയില്‍ പ്രളയമുണ്ടായപ്പോഴാണ് സംഭവം. ശക്തമായ ഒഴുക്കുള്ള വാദി മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു കാര്‍ പകുതിയോളം വെള്ളത്തില്‍ മുങ്ങിപ്പോയി.

കരയില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ മൊബൈലില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ആസ്വദിക്കുകയായിരുന്നു. ഈ സമയമത്രയും കാറിനുള്ളില്‍ കുടുങ്ങിയവര്‍ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. ഇതുകേട്ട ഷെഹ്സാദ് ഖാന്‍ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് എടുത്തുചാടി മുങ്ങിക്കൊണ്ടിരുന്ന കാറിന് മുകളില്‍ കയറി തന്റെ കാലുകൊണ്ട് ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് കല്ലുകള്‍ ഉപയോഗിച്ച് ഗ്ലാസ് തകര്‍ത്ത് അകത്തുണ്ടായിരുന്ന രണ്ട് പേരെയും പുറത്തെടുത്തു.

കാറിലുണ്ടായിരുന്ന രണ്ട് പേരും ഇന്ത്യക്കാരായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. ‘ആ നിമിഷം അവരുടെ രാജ്യമോ മതമോ ഒന്നും ഞാന്‍ ചിന്തിച്ചില്ല, അപകടത്തില്‍പ്പെട്ട മനുഷ്യരെ മാത്രമാണ് കണ്ടത്’- ഷെഹ്സാദ് പറഞ്ഞു. ചുവന്ന കുര്‍ത്ത ധരിച്ച ഷെഹ്സാദിന്റെ സാഹസിക രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ആണ് വൈറലായത്.

ഇരു രാജ്യങ്ങളും പരസ്പരം ശത്രുതയില്‍ നില്‍ക്കുമ്പോഴാണ് രണ്ട് ഇന്ത്യാക്കാരുടെ ജീവന്‍ ഷെഹ്സാദ് രക്ഷിച്ചത്. മറ്റുള്ളവരെ പോലെ ഷെഹ്സാദും വീഡിയോ എടുത്ത് കാഴ്ചക്കാരനായി നിന്നിരുന്നെങ്കില്‍ രണ്ടു ജീവനുകള്‍ നഷ്ടമാകുമായിരുന്നു. അവിടെയാണ് ഷെഹ്സാദിന്റെ മനസ് കാണേണ്ടത്. ശത്രുതയ്ക്കല്ല, ജീവനാണ് പ്രാധാന്യം നല്‍കിയത്.

കേവലം കാഴ്ചക്കാരായി നില്‍ക്കാതെ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ടുവന്ന ഷെഹ്സാദിനെ പാകിസ്ഥാന്‍ സോഷ്യല്‍ ക്ലബ്ബും വിവിധ കമ്മ്യൂണിറ്റികളും അഭിനന്ദിച്ചു. സ്ഥിതിഗതികള്‍ ശാന്തമായാല്‍ ഷെഹ്സാദിനെ പാകിസ്ഥാന്‍ എംബസി ആദരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പെഷവാര്‍ സ്വദേശിയാണ് ഷെഹ്സാദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page