എരുമേലി: എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള എസ്.ബി.ഐ എടിഎം കൗണ്ടറില്‍ പാമ്പ്. കൗണ്ടറിന്റെ വാതിലിനടുത്ത് പാമ്പിനെ കണ്ട ഇടപാടുകാര്‍ കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ ഭയപ്പെടുന്നു. കഴിഞ്ഞദിവസം രാത്രിയാണ് കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ എത്തിയ ഇടപാടുകാര്‍ പാമ്പിനെ കണ്ടത്. പാമ്പാണെന്നറിയാതെ ചവിട്ടിയിരുന്നെങ്കില്‍ കടി കിട്ടുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്. മൂന്നടിയോളം നീളമുള്ള പാമ്പിനെയാണു പിടികൂടിയതെന്നും ഇതിന് വിഷമില്ലെന്നും വനംവകുപ്പ് ജീവനക്കാര്‍ പറഞ്ഞു.
ഏതാനും മാസം മുന്‍പു ബസ് സ്റ്റാന്‍ഡിനടുത്തുള്ള മറ്റൊരു എടിഎം കൗണ്ടറില്‍ കാട്ടുപന്നി പാഞ്ഞുകയറിയിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്ന് ഇടപാടുകാരന്‍ പണം എടുക്കുന്നതിനിടെ ഗ്ലാസ് വാതില്‍ തകര്‍ത്താണ് കാട്ടുപന്നി അകത്തേക്കു കയറിയത്. കാട്ടുപന്നിയെ കണ്ട് വെപ്രാളത്തോടെ ഓടിയ ഇടപാടുകാരനു വീണു പരുക്കേറ്റിരുന്നു.







