സുനില്‍കുമാര്‍ കരിച്ചേരി
(ജിയോളജി അധ്യാപകന്‍,
ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി)

മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും, സസ്യലതാദികള്‍ക്കും അവയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ജലം.
ശുദ്ധജല ക്ഷാമം അതി രൂക്ഷമാകുന്ന വര്‍ത്തമാന കാലത്ത് ഏറെ വിശേഷപ്പെട്ട ഒരു ദിനമാണ് ലോക ജല ദിനം. ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശമനുസരിച്ച് 1993 മാര്‍ച്ച് 22 മുതലാണ് ലോക ജലദിനം ആചരിച്ചു തുടങ്ങിയത്. ഏറെ പ്രത്യേകതകളുള്ള ഒരു രാസ സംയുക്തമാണ് ജലമെന്ന് നമുക്കറിയാം. ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാന്‍ സാധിക്കുന്ന, ജലമില്ലാതെയുള്ള ഒരു ഭൂമി സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ല.
ലോകവ്യാപകമായി ജല വിഭവങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നും ജലവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്നുമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ലോക ജല ദിനം ആചരിച്ചു വരുന്നത്.
2026ലെ ലോക ജല ദിനത്തിന്റെ പ്രമേയം ജലവും ലിംഗഭേദവും
എന്നതാണ്. സുരക്ഷിതമായ ജലവും, ശുചിത്വമുള്ള ജലവും മനുഷ്യവകാശങ്ങളുടേയും ലിംഗസമത്വത്തിന്റേയും നിര്‍ണ്ണായക ഘടകമായി വര്‍ത്തിക്കുന്നു എന്നതാണ് ഈ പ്രമേയം നമുക്ക് നല്‍കുന്ന സന്ദേശം. സമൂഹത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുരുഷനും, ആണ്‍കുട്ടിക്കും നല്‍കുന്ന അതേ പരിഗണന എല്ലാ കാര്യങ്ങളിലും നല്‍കണമെന്ന ഒരു അടിയന്തര അഭ്യര്‍ത്ഥന കൂടിയാണിത്. വെള്ളം ഒഴുകുന്നിടത്ത് സമത്വം വളരുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി ലോകവ്യാപകമായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
വര്‍ത്തമാന കാല ലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളില്‍ ഒന്നാണ് ശുദ്ധജല ദൗര്‍ലഭ്യം. ലോകത്ത് ആകെ 2.8 ബില്യണ്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു.
ഭൂമുഖത്ത് ആകെയുള്ള ജലത്തിന്റെ രണ്ടര ശതമാനം മാത്രമാണ് ശുദ്ധജലം. ആകെ ജലത്തിന്റെ 97.5% ലവണ ജലമായി സമുദ്രങ്ങളില്‍ ആണെന്ന് നമുക്കറിയാം. ജൈവ വൈവിധ്യത്തിന്റെ കലവറയാണ് കടലുകള്‍.
ആകെ ശുദ്ധജലത്തിന്റെ 87 ശതമാനവും മഞ്ഞുമലകളായാണ് കാണപ്പെടുന്നത്.
12% ഭൂജലമായും കേവലം ഒരു ശതമാനം ഭൂമിയുടെ ഉപരിതലത്തിലും ‘ കാണപ്പെടുന്നു.
ജലത്തിന്റെ ഏറ്റവും പ്രധാന സ്രോതസ്സാണ് മഴയും മഞ്ഞും ഉള്‍പ്പെടെയുള്ള അന്തരീക്ഷ ജലം. ഭൂമിയുടെ അന്തര്‍ഭാഗത്ത് നിസര്‍ഗ്ഗ ജലമായും നവജാത ജലമായും ഇത് കാണപ്പെടുന്നുണ്ട്. ശുദ്ധജല സംരക്ഷണം എന്നത് മറ്റു
പ്രകൃതി വിഭവങ്ങളുടെ കൂടി സംരക്ഷണമാണെന്ന ബോധ്യം നമ്മുക്കുണ്ടാകണം.
പൊതു ഉപയോഗവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക വഴി മാത്രമേ നമുക്ക് ജല സ്രോതസ്സുകളെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കു.
ശുദ്ധജലക്ഷാമം നേരിടുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഇന്ത്യ, ചാഡ്, സുഡാന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍, ഇറാഖ് ഉള്‍പ്പെടെയുള്ളവ.
ഭൂമി ഉണ്ടായി കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ശുദ്ധജലം കൂടിയേ മതിയാകൂ എന്ന സാഹചര്യമാണ് ഉള്ളത്. ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ഒട്ടനവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കി വരുന്നുണ്ട്. ഇത്തരത്തില്‍ നടപ്പിലാക്കുന്ന നീര്‍ത്തട സംരക്ഷണ പദ്ധതികളില്‍ പ്രധാനപെട്ടവയാണ്
മഴവെള്ള കൊയ്ത്ത്, ജലപരിരക്ഷണ കേന്ദ്രങ്ങള്‍, മണ്ണിന്റെ ആഗിരണശേഷി വര്‍ദ്ധിപ്പിക്കല്‍, ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കല്‍, വനവല്‍ക്കരണം, കൃത്യമായ നിലയിലുള്ള പുനരുപയോഗം, കൃഷി രീതികള്‍ മെച്ചപ്പെടുത്തല്‍, ജല ഉപയോഗം പരിമിതപ്പെടുത്തല്‍ തുടങ്ങിയവ.
കാലാവസ്ഥ വ്യതിയാനവും,ആഗോളതാപനവും മൂലം വലിയ തോതില്‍ മഞ്ഞു മലകള്‍ക്ക് സംഭവിക്കുന്ന ശേഷണം ശുദ്ധജലദൗര്‍ലഭ്യത്തിന് ആക്കം കൂട്ടുന്നു.
ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി വ്യത്യസ്തങ്ങളായ മാര്‍ഗങ്ങള്‍ ലോകരാജ്യങ്ങള്‍ തേടി വരുന്നുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവയാണ് ലവണ ജലത്തെ ശുദ്ധീകരിച്ചു കുടിവെള്ളം നിര്‍മ്മിക്കല്‍, മഞ്ഞുപാളികളില്‍ നിന്നും കുടിവെള്ളം നിര്‍മ്മിക്കല്‍,
മഴ കിണറുകളില്‍ നിന്നും ജലം ശേഖരിക്കല്‍,
രാസസംയുക്തങ്ങള്‍ ചേര്‍ത്ത് ജലം ശുദ്ധീകരിക്കല്‍, മനുഷ്യവിസര്‍ജ്യത്തില്‍ നിന്നും ശുദ്ധജലം നിര്‍മ്മിക്കല്‍ തുടങ്ങിയവ.
മഞ്ഞു പാളികളില്‍ നിന്നും ശുദ്ധജലം കണ്ടെത്തുന്ന പ്രധാനപ്പെട്ട രാജ്യങ്ങളാണ് നോര്‍വേ, കാനഡ,അര്‍ജന്റീന, സ്വീഡന്‍,അന്റാര്‍ട്ടിക്ക തുടങ്ങിയവ.
ലവണ ജലം ശുദ്ധീകരിച്ചു കുടിവെള്ളം നിര്‍മിക്കുന്നത് ഇന്ന് ലോക വ്യാപകമായ ഒരു പ്രക്രിയയാണ്. മലേഷ്യ, സൗദി അറേബ്യ, ഒമാന്‍ ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് വ്യാപകമാണ്.
പൊതുശുദ്ധീകരണ കമ്പനികള്‍ ജലം ശുദ്ധീകരിച്ച് നല്‍കുന്ന രീതി ഇന്ത്യ, ചൈന, ബ്രസീല്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്.
സൂര്യകാന്തി വെളിച്ചം, ക്ലോറിന്‍ ചേര്‍ക്കല്‍,തുടങ്ങിയ പ്രക്രിയകള്‍ വഴി ജലം ശുദ്ധീകരിക്കുന്ന രാജ്യങ്ങളില്‍ യുഎഇ, അര്‍ജന്റീന, മെക്‌സിക്കോ , എന്നിവ മുന്‍പന്തിയിലാണ്.
രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ നിന്ന് ഉള്‍പ്പെടെ ശുദ്ധീകരണ പ്രക്രിയ വഴി ശുദ്ധജലം കണ്ടെത്തുന്ന മാര്‍ഗ്ഗം വിവിധ രാജ്യങ്ങളില്‍ സ്വീകരിച്ചു വരുന്നു. ഇസ്രയേല്‍ ,അര്‍ജന്റീന, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരം രീതി പരീക്ഷിച്ചു വിജയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ചില ഭാഗങ്ങളിലും ഈ രീതി പരീക്ഷിച്ചു വരുന്നു.
അനാവശ്യമായി നാം ഉപയോഗിച്ചു കളയുന്ന ഓരോ തുള്ളി ജലത്തിനും നാം ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരും.
ഇപ്പോള്‍ തന്നെ കുപ്പിയില്‍ ആയ ശുദ്ധജലം ഭാവിയില്‍ കിട്ടാക്കനിയായി മാറുന്ന സാഹചര്യം ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകും.
ശുദ്ധജലത്തെ മലിനപ്പെടുത്തുന്നത് ലോകവ്യാപകമായി വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട് . മലിനജലം ഉണ്ടാകുന്നതല്ല, നാം ഉണ്ടാക്കുന്നതാണ്.
ലോകത്ത് മലിനജല ഉപഭോഗം മൂലം മനുഷ്യനും മറ്റ് പക്ഷി മൃഗാദികള്‍ക്കും, സസ്യലതാദികള്‍ക്കും ഒട്ടനവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും മാരകമായ രോഗങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്യുന്നു. പ്രതിവര്‍ഷം 14 ലക്ഷത്തിലേറെ ജനങ്ങള്‍ ശുചിത്വ -ശുദ്ധജല അഭാവം മൂലം മരണത്തിന് കീഴ്‌പ്പെടുന്നു എന്നുള്ളത് ഏറെ സങ്കടകരമാണ് .ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടെങ്കില്‍ അത് ശുദ്ധജലത്തിനു വേണ്ടി ആയിരിക്കും എന്ന പ്രവചനങ്ങള്‍ ഒരുപക്ഷേ ശരിയായി കൂടെന്നില്ല.
മറ്റേതൊരു പ്രകൃതി വിഭവത്തേയും പോലെ തന്നെ കൃത്യമായ സുസ്ഥിര വികസന കാഴ്ചപ്പാടോടു
കൂടി മാത്രം ഉപയോഗിക്കേണ്ട ഒരു പ്രകൃതിവിഭവമാണ്
ജലമെന്ന വസ്തുത ഇനിയെങ്കിലും നാം തിരിച്ചറിയണ്ടേയിരിക്കുന്നു.അന്തരീക്ഷത്തിലേയും, ഭൂമിയുടെ ഉപരിതലത്തിലെയും, ഭൂമിയുടെ അന്തര്‍ഭാഗത്തെയും ജലം മലിനപ്പെടുത്തില്ലെന്നും, ദുരുപയോഗം ചെയ്യില്ലെന്നും സുസ്ഥിര വികസന കാഴ്ചപ്പാടോടുകൂടി മാത്രമേ ഉപയോഗിക്കുവെന്നും നമുക്ക് ഈ അവസരത്തില്‍ പ്രതിജ്ഞ ചെയ്യാം.







