ചാവക്കാട്: അക്യു പങ്ചറിലൂടെ ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ യുവതി പ്രസവത്തിന് പിന്നാലെ അണുബാധയേറ്റ് മരിച്ചു. ചാവക്കാട് സ്വദേശിയായ മുഹ്‌സിന(37)യാണ് മരിച്ചത്. അണുബാധയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. പ്രസവിച്ച് നാലാം ദിവസം യുവതിയുടെ നവജാത ശിശു മരിച്ചിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് എടക്കഴിയൂരില്‍ കല്ലുവളപ്പില്‍ ഇബ്രാഹിമിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി.
ഇയാള്‍ അക്യൂപങ്ചര്‍ ചികിത്സ നല്‍കുന്ന വ്യക്തിയാണെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ വച്ചായിരുന്നു പ്രസവം. അണുബാധയുണ്ടായിട്ടും യുവതിയെ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പ്രസവ വിവരം അറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കളാണ് യുവതിയെ അവശനിലയില്‍ ആശുപത്രിയിലെത്തിച്ചത്. ചാവക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.







