കാബൂള്‍: കാബൂളിലെ ഒമര്‍ അഡിക്ഷന്‍ ട്രീറ്റ്മെന്റ് ആശുപത്രിക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു, 250 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ആശുപത്രി ഭാഗികമായി തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നു താലിബാന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. കാബൂളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ചികിത്സിക്കുന്ന ആശുപത്രിക്ക് നേരെയാണ് പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം രോഗികളാണ്.
എന്നാല്‍ തങ്ങള്‍ ആശുപത്രിയില്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്താന്‍ പറയുന്നു. താലിബാന്റെ ആരോപണം ശരിയല്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും പാകിസ്താന്‍ പഞ്ഞു. കാബൂളിലെയും നംഗഹാര്‍ പ്രവിശ്യയിലെയും സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയെന്നും പാകിസ്താന്‍ വെളിപ്പെടുത്തി.
2,000 കിടക്കകളുള്ള ആശുപത്രിക്ക് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. ആശുപത്രിയുടെ വലിയ ഭാഗം തകര്‍ന്നതായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു. തീ നിയന്ത്രിക്കാനും ഇരകളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തീ കെടുത്താന്‍ പാടുപെടുന്ന അഗ്‌നിശമന സേനാംഗങ്ങളുടെ ദൃശ്യങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ സ്റ്റേഷനുകള്‍ പോസ്റ്റ് ചെയ്തു. ആക്രമണത്തിന് മുമ്പ് ആകാശത്ത് ജെറ്റുകള്‍ പട്രോളിംഗ് നടത്തുന്ന ശബ്ദം കേട്ടതായി ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഒമിദ് സ്റ്റാനിക്‌സായിയെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങളുടെ ചുറ്റും സൈനിക യൂണിറ്റുകള്‍ ഉണ്ടായിരുന്നു. ഈ സൈനിക യൂണിറ്റുകള്‍ ജെറ്റിന് നേരെ വെടിയുതിര്‍ത്തപ്പോള്‍, ജെറ്റ് ബോംബുകള്‍ വര്‍ഷിക്കുകയും തീ പടരുകയും ചെയ്തു,’- അദ്ദേഹം പറഞ്ഞു. മരിച്ചവരും പരിക്കേറ്റവരുമെല്ലാം സാധാരണക്കാരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







