നാരായണന്‍ പേരിയ
ജനങ്ങള്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ ഭരണം. അതാണ് ജനാധിപത്യം. ആ വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യത്ത് ജനങ്ങളെല്ലാം സമന്മാരായിരിക്കും. ആയിരിക്കണം. എല്ലാവര്‍ക്കും ബാധകമായത്, ബാധകമാകേണ്ടത്, ആക്കേണ്ടത് ഒരേ നിയമ വ്യവസ്ഥ. നിയമത്തിനു മുമ്പില്‍ വിവേചനം പാടില്ല. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വ്യത്യസ്തമായാലും അവര്‍ക്കിടയില്‍ തരം തിരിവ് പാടില്ല. ലിംഗഭേദം നോക്കി നിയമഭേദം അരുത്.
എന്നാല്‍, ജനാധിപത്യ രാഷ്ട്രമെന്ന് അഭിമാന പൂര്‍വ്വം അവകാശപ്പെടുന്ന ഇന്ത്യയിലോ? വിവേചനം സര്‍വത്ര; നിയമം വെവ്വേറെ, ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തരം തിരിവുകള്‍.
ജനാധിപത്യ ഇന്ത്യ രൂപം കൊണ്ടിട്ട് എഴുപത്തിഞ്ചിലേറെ കൊല്ലം പിന്നിട്ടപ്പോഴും അവ്യക്തതകളും ആശയക്കുഴപ്പങ്ങളും സര്‍വ്വത്ര. എന്തൊക്കെയാണ് ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍. അധികാരങ്ങള്‍? ചെയ്യാവുന്നതും ചെയ്യരുതാത്തതും എന്തൊക്കെയാണ്? ഇന്ത്യന്‍ ജനാധിപത്യം എന്താണ്? അതൊരു വെറും പറച്ചില്‍ മാത്രമോ?
ഏറ്റവും ഒടുവില്‍ നടന്നത് എന്തെന്ന് പറയാം(2026 മാര്‍ച്ച് 11ന്റെ പത്ര വാര്‍ത്തകള്‍ അവലംബം) സിവില്‍ നിയമ സംഹിത – യൂണിഫോം സിവില്‍കോഡ്- ആണ് വിഷയം. പുതിയ കാര്യമല്ല ഇത് നമ്മുടെ രാജ്യത്ത്. മുസ്ലീം വ്യക്തി നിയമത്തിലെ ചില വ്യവസ്ഥകള്‍, പിന്തുടര്‍ച്ചാവകാശത്തിലുള്‍പ്പെടെ, സ്ത്രീകളോട് വിവേചനം കാട്ടുന്നു; ഇത് നീതി പൂര്‍വ്വമല്ല,
തികഞ്ഞ അന്യായമാണ്. അതിനാല്‍ ഇത് തിരുത്തേണ്ടതാണ് എന്ന് ആരോപിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു ഹര്‍ജി അത്യുന്നത നീതി പീഠമായ സുപ്രീംകോടതി മുമ്പാകെ എത്തി. ഇന്ത്യന്‍ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ് മാല്യ ബാഗ്ചി, ജ. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കവെ പറഞ്ഞ കാര്യങ്ങള്‍: ഏക സിവില്‍ കോഡ് വേണം എന്ന് ഹര്‍ജിയെ അനുകൂലിച്ചു കൊണ്ടുള്ള നിരീക്ഷണങ്ങള്‍, വ്യക്തി നിയമങ്ങള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ഏക സിവില്‍ കോഡിനായി നിയമനിര്‍മ്മാണസഭ പ്രവര്‍ത്തിക്കണം എന്ന ആവശ്യം- ഇങ്ങനെ പലതും കോടതി മുമ്പാകെ ഉന്നയിക്കപ്പെട്ടു. മുമ്പും പലതവണ ഇക്കാര്യം കോടതി ശുപാര്‍ശ ചെയ്തിട്ടുള്ളതാണെന്ന് ജ. ബാഗ്ചി പറഞ്ഞു.
മുസ്ലീം വ്യക്തി നിയമത്തിലെ വ്യവസ്ഥകള്‍ പിന്തുടര്‍ച്ചാവകാശത്തിലുള്‍പ്പെടെ സ്ത്രീകളോട് വിവേചനം കാട്ടുന്നുണ്ട്. ഈ അന്യായം ഒഴിവാക്കാനായി എന്തെങ്കിലും ചെയ്താല്‍ അവിടെ വിടവ് രൂപപ്പെടില്ലേ എന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. തിടുക്കപ്പെട്ട് എന്തെങ്കിലും പരിഷ്‌ക്കാരങ്ങള്‍ക്ക് മുതിര്‍ന്നാല്‍ മുസ്ലീം സ്ത്രീകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് കൂടി ഇല്ലാതായേക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു. വ്യക്തി നിയമം ഇല്ലാതായാല്‍, ഇല്ലാതാക്കിയാല്‍ പകരം എന്ത് എന്നതാണ് ചോദ്യം എന്നും ചൂണ്ടിക്കാട്ടി.
ഇതിന് ഉത്തരം പറഞ്ഞത് ജ. ബാഗ്ചിയാണ്. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അധികാരമുള്ള നിയമനിര്‍മ്മാണസഭയുടെ പരിധിയിലേയ്ക്ക് അത് മാറ്റുക. കോടതി അങ്ങനെ ചെയ്യുന്നതാകും ഉചിതം. ഇതിനോട് യോജിച്ചു കൊണ്ട് ഏക സിവില്‍ കോഡ് കൊണ്ടു വരുന്നതായിരിക്കും ഇതിനുള്ള ഉത്തരം എന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.
ഒരു പുരുഷന് ഒരു ഭാര്യ എന്ന ചട്ടം എല്ലാ സമുദായങ്ങള്‍ക്കും ഒരു പോലെ ബാധകമാകുന്നില്ലെന്ന് ജ. ബാഗ്ചി ചൂണ്ടിക്കാട്ടി. (ഇസ്ലാം മതസ്ഥര്‍ക്ക് നാല് ഭാര്യമാര്‍ ഒരേ സമയത്ത്. നാലിലധികം വിവാഹം അനുവദനീയം. തലാക് എന്ന വിവാഹ മോചന മൊഴിയിലൂടെ ഭാര്യയെ ഒഴിവാക്കാം. വീണ്ടും മറ്റൊരു വിവാഹം നടത്താം. മൊഴി ചൊല്ലപ്പെട്ടവളുടെ ശിഷ്ട ജീവിതം കഷ്ടത്തിലാകും). ഒന്നിലേറെ വിവാഹം ചെയ്യുന്നതിനെയെല്ലാം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കാന്‍ കോടതിക്ക് സാധിക്കില്ല. (എന്തുകൊണ്ട് സാധിക്കില്ല), അതിനാല്‍ ഈ വിഷയം നിയമനിര്‍മ്മാണസഭയുടെ പരിഗണനയ്ക്ക് വിടുന്നതായിരിക്കും ഉചിതം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
നിയമനിര്‍മ്മാണസഭയാണല്ലോ നിയമം ഉണ്ടാക്കേണ്ടത്. ആ നിയമം നടപ്പാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുകയും പരിഹരിക്കുകയുമാണ് കോടതിയുടെ കടമ. അതല്ലാതെ, നിയമ മുണ്ടാക്കുകയല്ല-ജ. ബാഗ്ചി.
ശരീഅത്ത് നിയമം ആണല്ലോ സ്ത്രീകളോട് അന്യായം കാട്ടുന്നത്. അതുകൊണ്ട് ആ നിയമം റദ്ദാക്കി കൊണ്ട് എല്ലാ സമുദായങ്ങള്‍ക്കും (ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ) ബാധകമായ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം പാസ്സാക്കണം- മുസ്ലീം സ്ത്രീകള്‍ക്കും ബാധകമാകുന്ന രീതിയില്‍. കോടതിക്ക് ഇപ്രകാരം ഉത്തരവിടാവുന്നതാണ് എന്ന് അഡ്വക്കെറ്റ് പ്രശാന്ത് ഭൂഷണ്‍ നിര്‍ദ്ദേശിച്ചു. നിയമത്തില്‍ തുല്യാവകാശമുണ്ടാകണം.
കോടതി ഇടപെടുമ്പോള്‍ മുസ്ലീം സ്ത്രീകള്‍ക്ക് ഒരു നിയമത്തിന്റെയും സംരക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടാകുമോ എന്ന ആശങ്ക ചീഫ് ജസ്റ്റീസ് ആവര്‍ത്തിച്ചു. അതെങ്ങനെ എന്ന് വ്യക്തമാകുന്നില്ല.
തുടര്‍ന്ന് ഇത്തരം സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, ചെയ്യാറുള്ള നടപടിയിലേയ്ക്ക് കടന്നു. ഇതൊരു പ്രധാന വിഷയമാകയാല്‍, ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി ഹര്‍ജി ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ അഡ്വക്കെറ്റ് പ്രശാന്ത് ഭൂഷണോട് കോടതി ആവശ്യപ്പെട്ടു. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അനന്തരം വീണ്ടും പരിഗണിക്കും.
നാലാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി മുമ്പാകെ എത്തും. അന്നും തര്‍ക്ക വിതര്‍ക്കങ്ങള്‍! വീണ്ടും വിദഗ്ദ്ധാഭിപ്രായം തേടല്‍; റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കല്‍! വീണ്ടും പരിഗണന… പരിഗണന
പിരഗണനച്ചങ്ങല നീളും!







