ഗോരഖ്പുര്‍: ആണ്‍സുഹൃത്തുമായി സംസാരിച്ച മകളെ പിതാവ് അരിവാള്‍ക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞദിവസമാണ് ദാരുണമായ കൊലപാതകം ഉണ്ടായത്. ഇരുപത്തിമൂന്നു വയസ്സുകാരിയായ മകള്‍ നേഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് കമലേഷ് ഭാരതിയെ പൊലീസ് അറസ്റ്റുചെയ്തു.
ഒരു യുവാവുമായി മകള്‍ നിരന്തരം സംസാരിക്കുന്നത് പിതാവ് പലതവണ വിലക്കിയിരുന്നതായി പറയുന്നു. പിതാവിന്റെ നിര്‍ദേശം ലംഘിച്ച് മകള്‍ ആണ്‍സുഹൃത്തിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് പതിവാക്കിയതിലുള്ള അമര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം വീട്ടില്‍ ഒച്ചപ്പാടുണ്ടായിരുന്നതായും പറയുന്നു. അതിനിടയില്‍ പിതാവ് മകളെ അടിച്ചു. മകള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചു. പെട്ടെന്നുണ്ടായ അമര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പിതാവ് കമലേഷ് പൊലീസിനോട് പറഞ്ഞു.
ആക്രമണത്തിന് ശേഷം കമലേഷും ഭാര്യയും ചേര്‍ന്നാണ് നേഹയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. കാല്‍ വഴുതി അരിവാളിന് മുകളില്‍ വീണതാണെന്നാണ് കുടുംബം ഡോക്ടര്‍മാരെ അറിയിച്ചത്. എന്നാല്‍ പരുക്കുകളില്‍ സംശയം തോന്നിയ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച അരിവാള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.







