അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയം; രാത്രി വൈകുവോളം ചാറ്റ്; ജോലിയില്‍ വിമുഖത; ചോദ്യം ചെയ്ത ഇരട്ട സഹോദരിയെ യുവാവ് കൊലപ്പെടുത്തി

മൊറാദാബാദ്: അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയത്തെ ചോദ്യം ചെയ്ത ഇരട്ട സഹോദരിയെ യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഗുരുഗ്രാമില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഹാര്‍ദിക്(25)ആണ് സഹോദരി ഹിമാഷികയെ(25) കൊലപ്പെടുത്തിയത്. ഇരുവരും എന്‍ജിനീയര്‍മാരാണ്. ഗുരുഗ്രാമിലായിരുന്നു നേരത്തെ ജോലി ചെയ്തിരുന്നത്. ജോലിക്കൊപ്പം ഹിമാഷിക എംബിഎ ക്ക് പഠിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഹാര്‍ദിക് ഒന്നരവര്‍ഷത്തോളം ജോലി ചെയ്തശേഷം ജോലി ഉപേക്ഷിച്ചു. സ്വഭാവത്തിലും മാറ്റം വന്നുതുടങ്ങി. പിന്നാലെ കൂടുതല്‍ സമയം സമൂഹ മാധ്യമങ്ങളില്‍ ചെലവഴിക്കാന്‍ തുടങ്ങി.

മുഴുവന്‍ സമയവും മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നതും രാത്രി ഏറെ വൈകിയും ചാറ്റില്‍ മുഴുകുന്നതും കുടുംബം ചോദ്യം ചെയ്തു. അതിനിടെയാണ് പുണെ സ്വദേശിയായ മുസ്ലിം പെണ്‍കുട്ടിയുമായുള്ള പ്രണയം ആരംഭിച്ചത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കുടുംബത്തിനുമേല്‍ സമ്മര്‍ദം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അമ്മ നീലിമയും സഹോദരിയും ഈ ബന്ധത്തിന് എതിരായിരുന്നു. മാത്രമല്ല ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മാര്‍ച്ച് ആറിന് വൈകിട്ട് സഹോദരി ഇക്കാര്യം പറഞ്ഞ് ഹാര്‍ദിക്കുമായി വഴക്കടിച്ചിരുന്നു. വഴക്കിനിടെ പ്രകോപിതനായ ഹാര്‍ദിക് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് സഹോദരിയെ ആക്രമിക്കുകയായിരുന്നു. ഹിമാഷിക സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹിമാഷികയുടെ ശരീരത്തില്‍ 84 വെട്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തി.

സഹോദരിയെ ആക്രമിച്ചതിന് പിന്നാലെ ഹാര്‍ദിക് അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോയി. ഒരു സര്‍പ്രൈസ് ഉണ്ടെന്നും വീട്ടിലേക്ക് പോകാമെന്നും പറയുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അമ്മ കാണുന്നത് ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെയാണ്. ഇതുകണ്ട് നിലവിളിച്ച നീലിമയേയും ഹാര്‍ദിക് ആക്രമിച്ചു. പരുക്കേറ്റ നീലിമ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹാര്‍ദിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രണയബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്ന് ഹാര്‍ദിക് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page