തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ ശബരിമല യുവതി പ്രവേശനത്തിലെ മുന്‍ നിലപാടില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി. വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നാണ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നിലപാട്.
2018 സെപ്തംബര്‍ എട്ടിന് യുവതീ പ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി പുനപരിശോധന ഹര്‍ജികള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാ മതിലുമായി യുവതീ പ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും യോഗം ചേര്‍ന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പിന്നാലെ സര്‍ക്കാരും മുന്‍ നിലപാടില്‍ നിന്ന് മാറുകയാണ്. സര്‍ക്കാരിന്റെ നിലപാട് വെള്ളിയാഴ്ച കോടതിയെ അറിയിക്കും.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിശദവാദം ഏപ്രില്‍ ഏഴിന് തുടങ്ങും. ശബരിമല യുവതീ പ്രവേശമുള്‍പ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.
അതിനിടെ, യുവതി പ്രവേശനത്തില്‍ ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ചു. യുവതി പ്രവേശന വിധി നിലനിര്‍ത്തണമെന്നാണ് ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്റെ വാദം. സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണിത്. ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തല്‍ അംഗീകരിക്കാനാകില്ല. ശബരിമലയെ ഒരു പ്രത്യേകവിഭാഗമായി കാണാനാകില്ല. പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ മത ആചാരങ്ങളെ ചോദ്യം ചെയ്യാമെന്നും ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ വാദിക്കുന്നു. ശബരിമല കേസിലെ ഹര്‍ജിക്കാരാണ് സംഘടന.







