കടുത്ത ചൂട്, പരീക്ഷ,റംസാൻ: കുമ്പളയിൽ വൈദ്യുതി മുടക്കം; ദുരിതം

കുമ്പള:മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ ഉപഭോക്താക്കൾ വിഷമിക്കുന്നു. കുമ്പള കെഎസ്ഇബി സെക്ഷനിലെ വൈദ്യുതി മുടക്കം കൊടും വേനലിലും തുടരുന്നു. റംസാൻ ആരംഭത്തോടെ വൈദ്യുതി മുടക്കം ഇവിടെ പതിവായിരിക്കുകയാണ്. സർക്കാർ പത്രപരസ്യങ്ങളിൽ “കേരളത്തിൽ വെളിച്ച വിപ്ലവം’ അവകാശപ്പെടുമ്പോഴാണ് കുമ്പളയിലെ വൈദ്യുതി പ്രതിസന്ധി അതി ദുസ്സഹമായിക്കൊണ്ടിരിക്കുന്നതെന്നു നാട്ടുകാർ പരാതിപ്പെടുന്നു.

കഴിഞ്ഞവർഷം ഇതേകാലയളവിൽ സഹികെട്ട ഉപഭോക്താക്കൾ സെക്ഷൻ ഓഫീസിൽ ഇരച്ചുകയറി രാത്രി ബഹളം വെക്കുകയും, കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.കുമ്പള സെക്ഷനിൽ അടിക്കടി ഉണ്ടാവുന്ന വൈദ്യുതി പ്രതിസന്ധി അധികാരികളെ രേഖാമൂലം അറിയിക്കുന്നെങ്കിലും പ്രതിസന്ധി തുടരുകയാണെന്നു അവർ പറയുന്നു.
ഒരാഴ്ചയോളമായി മഞ്ചേശ്വരം- കാസർകോട് താലൂക്കുകളിൽ കർണാടക വൈദ്യുതി മുടങ്ങുന്നുണ്ട്. മെയിലാട്ടി-വിദ്യാനഗർ ലൈനിൽ വൈദ്യുതി മുടങ്ങിയാലും ഈ താലൂക്കുകളിൽ വൈദ്യുതി മുടങ്ങുന്നത് പതിവാണ്.ഇതുമൂലം 15 മിനിറ്റ് ഇടപെട്ട് ഫീഡറുകൾ തോറും കഴിഞ്ഞ ആഴ്ച വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. പരീക്ഷ ചൂടും, വേനൽചൂടും, നോമ്പുകാലവും കൂടിയാകുമ്പോൾ വൈദ്യുതി മുടക്കം ഉപഭോക്താക്കൾക്ക് കനത്ത പ്രഹരമാകുകയാണ്. ഇപ്പോൾ ഈ താലൂക്കുകളിൽ വൈദ്യുതി ഉപയോഗം കൂടിയതിനാൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങും ഏർപ്പെടുത്തിയിട്ടുണ്ടെന്നു ആരോപണമുണ്ട്.

കുമ്പള ഭാഗത്താണെങ്കിൽ ഇപ്രാവശ്യം വേനൽ മഴ ലഭിച്ചതുമില്ല. ജനം വെന്തുരുകുമ്പോഴാണ് നിരന്തരമായി വൈദ്യുതി തടസ്സം നേരിടുന്നത്. ഇതിൽ ഏറെ പ്രയാസപ്പെടുന്നത് കൈക്കുഞ്ഞുങ്ങൾ അടക്കമുള്ള പിഞ്ചുകുട്ടികളാണ്. കിടപ്പ് രോഗികളുടെ കാര്യം പറയേണ്ടതുമില്ല.

എസ്എസ്എൽസി- പ്ലസ് ടു പരീക്ഷയ്ക്കിടയിലാണ് വൈദ്യുതി മുടക്കമെന്നത് വിദ്യാർത്ഥികളെയും വല്ലാതെ വിഷമിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page