ദമ്പതികളുടെ ആത്മഹത്യ; നാട് കണ്ണീരില്‍, വിശ്വസിക്കാന്‍ കഴിയാതെ ബന്ധുക്കളും ഉറ്റവരും, ആത്മഹത്യാകുറിപ്പില്‍ കണ്ണീര്‍ പുരണ്ട വാക്കുകള്‍…

കാസര്‍കോട്: ഏക മകന്റെ മരണത്തില്‍ മനം നൊന്ത്, ഉള്ളുരുകി കഴിയുകയായിരുന്ന ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. വിവരമറിഞ്ഞതു മുതല്‍ ബന്ധുക്കളും ഉറ്റവരും നാട്ടുകാരും പറമ്പയിലെ വീട്ടിലേയ്ക്ക് ഒഴുകിയെത്തി. പൊയ്‌നാച്ചി, പറമ്പിലെ വേണുഗോപാലന്‍ നായരെയും ഭാര്യ സ്മിതയെയും വെള്ളിയാഴ്ച രാവിലെയാണ് ഇരുനില വീടിന്റെ സെന്‍ട്രല്‍ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ ഏകമകനും മംഗ്‌ളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായിരുന്ന എം ശിവനന്ദന്‍ (19) ഡിസംബര്‍ 29ന് രാത്രിയില്‍ മരിച്ചിരുന്നു. ബേക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന വേടന്റെ സംഗീത പരിപാടി കേള്‍ക്കാന്‍ എത്തിയപ്പോള്‍ ട്രയിനിടിച്ചാണ് ശിവനന്ദന്‍ മരണപ്പെട്ടത്. ഏക മകന്റെ വേര്‍പാടോടെ വേണുഗോപാലന്‍ നായരും ഭാര്യ സ്മിതയും കടുത്ത മാനസിക വിഷമത്തിലായിരുന്നു. ശിവനന്ദിന്റെ മരണ ശേഷം സ്മിതയുടെ മാതാവ് ഇവരുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. വ്യാഴാഴ്ച ഇവര്‍ സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. അതിനാല്‍ ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയിട്ടും വീടിന്റെ മുൻ വശത്തെ വാതില്‍ തുറന്നു കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയ സമയത്ത് വാതില്‍ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വിശദമായ പരിശോധനയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ മേൽപ്പറമ്പ് പൊലീസിനെ വിവരം അറിയിച്ചു. വീട്ടില്‍ നിന്നു ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മകന്റെ വിയോഗമാണ് കാരണമെന്നു കുറിപ്പില്‍ പറയുന്നതായാണ് വിവരം.
മകന്റെ വിയോഗത്തിനു ശേഷം ഇനി ജീവിക്കില്ലെന്നു വേണുഗോപാലനും ഭാര്യ സ്മിതയും ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നുവെന്നു പറയുന്നു. അതിനാല്‍ ഇവരുടെ കാര്യത്തില്‍ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. പക്ഷെ ഇരുവരും ഒടുവില്‍ മരണത്തിലേയ്ക്ക് സ്വയം പോയത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിതുമ്പുകയാണ് ഉറ്റവരെല്ലാം .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page