വിദേശത്തും നാട്ടിലും ഒരേസമയം രണ്ട് കാമുകന്‍മാര്‍; കള്ളം പൊളിയുമെന്നായപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; യുവതിക്കെതിരെ കേസ്

കൊച്ചി: വിദേശത്തും നാട്ടിലും ഒരേസമയം രണ്ട് കാമുകന്‍മാരുള്ള യുവതിക്കെതിരെ വ്യാജ തട്ടിക്കൊണ്ടുപോകല്‍ പരാതിക്കെതിരെ കേസ്. കൊച്ചിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങുന്ന വഴി തന്നെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന വ്യാജ പരാതിയാണ് കേസെടുക്കാന്‍ കാരണമായത്. മൊഴിയില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ കള്ളി പുറത്തായത്.

ജോലി കഴിഞ്ഞ് കാമുകനെ കാണാന്‍ പോയ യുവതിയെ വിദേശത്തുള്ള കാമുകന്‍ ഫോണില്‍ വിളിച്ചു. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞതാണെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ വന്നപ്പോള്‍ ആരാണ് വിളിക്കുന്നതെന്ന് കൂടെയുണ്ടായിരുന്ന നാട്ടിലെ കാമുകന്‍ ചോദിച്ചു. ഇത് ഫോണിലൂടെ കേട്ട വിദേശത്തെ കാമുകന്‍ യുവതിയോട് എവിടെയാണെന്ന് ചോദിച്ചു. തന്റെ കൂടെ കാമുകന്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ വിദേശത്തെ കാമുകന്‍ ബന്ധം അവസാനിപ്പിക്കുമെന്ന് ഭയന്ന യുവതി മറ്റൊന്നും ആലോചിക്കാതെ തട്ടിക്കൊണ്ടുപോകല്‍ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു.

വിളിച്ചത് സുഹൃത്താണെന്നാണ് യുവതി നാട്ടിലെ കാമുകനോട് പറഞ്ഞത്. പിന്നീട് തന്റെ പെണ്‍സുഹൃത്തിനെക്കൊണ്ട് പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112ല്‍ വിളിപ്പിച്ച് യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച വിവരം അറിയിക്കുകയായിരുന്നു.

വൈകിട്ട് ആറരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോള്‍ റെയില്‍വെ ക്രോസ് കഴിഞ്ഞിട്ടുള്ള ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന വെളുത്ത കാറിലേക്ക് തന്നെ പിടിച്ചുകയറ്റി കൊണ്ടുപോയെന്നായിരുന്നു യുവതി പൊലീസിന് മൊഴി നല്‍കിയത്. കാറില്‍ വച്ചു തന്നെ ഉപദ്രവിച്ചുവെന്നും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നും യുവതി പറഞ്ഞു. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല.

ഒരു യുവാവിനൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനെ കബളിപ്പിക്കാനായി കഥ മെനഞ്ഞതാണെന്ന് യുവതി പറയുന്നത്. പൊലീസ് അന്വേഷണം വഴിതെറ്റിക്കാന്‍ വ്യാജ വിവരം നല്‍കിയെന്ന വകുപ്പ് ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്. യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page