ബദിയഡുക്ക സ്വദേശിയെ ട്രയിന്‍ യാത്രയ്ക്കിടയില്‍ തൃശൂരില്‍ പുഴയില്‍ വീണു കാണാതായി

കാസര്‍കോട്/തൃശൂര്‍: കാസര്‍കോട്, ബദിയഡുക്ക സ്വദേശിയെ ട്രയിന്‍ യാത്രയ്ക്കിടയില്‍ പുഴയില്‍ വീണു കാണാതായി. ബദിയഡുക്ക പെട്രോള്‍ പമ്പിനു സമീപത്തെ പരേതനായ രവീന്ദ്ര ഷേണായിയുടെ മകന്‍ അച്യുതാനന്ദ ഷേണായി (40) ആണ് തൃശൂര്‍, ചാലക്കുടി പുഴയില്‍ വീണത്. ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ തുടരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ തൃശൂരിലേയ്ക്ക് പോയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 10.45 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നു തൃശൂരിലേയ്ക്ക് പോവുകയായിരുന്ന വേണാട് എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു അച്യുതാനന്ദ ഷേണായി. അങ്കമാലി, കരയാം പറമ്പിലെ ഇന്ത്യന്‍ മള്‍ട്ടിപ്പിള്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാഞ്ചില്‍ സെക്ഷന്‍ ഓഫീസറാണ് ഇദ്ദേഹം.
വ്യാഴാഴ്ച രാവിലെ ഓഫീസിലെത്തിയ അദ്ദേഹം പുറത്തേയ്ക്ക് പോയതായിരുന്നുവെന്നു പറയുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അച്യുതാനന്ദ ഷേണായിയുടെ മൊബൈല്‍ ഫോണിലേയ്ക്ക് വിളിച്ചു.ഫോണെടുത്തത് വേണാട് എക്‌സ്പ്രസിലെ യാത്രക്കാരനായ ഒരാളായിരുന്നു. അച്യുതാനന്ദ ഷേണായി ഫോണ്‍ സീറ്റില്‍ വച്ച് വാതിലിനരികിലേയ്ക്ക് പോയതായും പിന്നീട് കാണാതാവുകയായിരുന്നുവെന്നുമാണ് ഫോണ്‍ എടുത്തയാള്‍ മറുപടി നല്‍കിയത്.
അതേസമയം റെയില്‍വെ ട്രാക്കില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ട്രെയിനില്‍ നിന്നു ഒരാള്‍ പുഴയിലേയ്ക്ക് വീഴുന്നതു കണ്ടിരുന്നുവെന്നു പറയുന്നു. ഇക്കാര്യം തൊഴിലാളികള്‍ ഉടന്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. സ്‌കൂബ ടീം ഡിങ്കി ബോട്ട് ഉപയോഗിച്ച് രാത്രി വൈകുംവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ തെരച്ചില്‍ പുനഃരാരംഭിച്ചു.
രമാഷേണായ് ആണ് അച്യുതാനന്ദ ഷേണായിയുടെ മാതാവ്. ഭാര്യ: അനുഷ്‌ക. സഹോദരി: ഗായത്രി. മാതാവും ഭാര്യയും അച്യുതാനന്ദ ഷേണായിക്കൊപ്പം തൃശൂരിലാണ് താമസം. നീര്‍ച്ചാലില്‍ പുതുതായി പണിത വീട് അടച്ചിട്ട നിലയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page