ബെംഗളൂരു: 16 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കുന്നകാര്യം കര്‍ണാടക സര്‍ക്കാര്‍ പരിഗണിക്കുന്നതായി വിവരം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായി അറിയുന്നു.
കര്‍ണാടക ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിസിമാരുടെ അഭിപ്രായം തേടി. കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാകുന്നതും സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനവും അവരുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതിലുള്ള ആശങ്കയാണ് സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍.
ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫിന്‍ലന്‍ഡ്, യുകെ തുടങ്ങിയ രാജ്യങ്ങളും സമാനമായ നടപടികള്‍ ആലോചിക്കുന്നുണ്ട്. മെറ്റയുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഇതിനകം തന്നെ ‘ഡിജിറ്റല്‍ ഡീറ്റോക്‌സ്’ പ്രോഗ്രാം നടപ്പിലാക്കുന്നുണ്ടെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ അറിയിച്ചു. മൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തോളം അധ്യാപകരും ഇതിന്റെ ഭാഗമാണ്.
മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് 16 വയസ്സിന് താഴെയുള്ള കുട്ടികളെ വിലക്കാനുള്ള നിര്‍ദ്ദേശം ഗോവ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നറിയുന്നു.
ആന്ധ്രപ്രദേശില്‍, പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ ആക്സസില്‍ സര്‍ക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി വിദ്യാഭ്യാസ മന്ത്രി നര ലോകേഷ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.







