കാസര്‍കോട്: പാലക്കാട്- കോയമ്പത്തൂര്‍ റോഡിലെ മധുരക്കര മരപ്പാലത്തിനു സമീപത്തു നിന്നു ബൈക്കു യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍, മുണ്ടക്കണ്ടം, കിഴക്കേവീട്ടില്‍ നിതിന്‍ (33), നീലേശ്വരം, ചാത്തമത്ത്, മീത്തലെ വീട്ടില്‍ ശ്രീകുമാര്‍(31), നീലേശ്വരം, പള്ളിക്കര, കനകര വീട്ടില്‍ സുധീഷ് (39) എന്നിവരെയാണ് കോയമ്പത്തൂര്‍, കെ ജി ചാവടി പൊലീസ്, നീലേശ്വരം പൊലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നു 20,000 രൂപയും അക്രമത്തിനു ഉപയോഗിച്ച കാറും കണ്ടെടുത്തു.
പാലക്കാട്, പട്ടാമ്പി, നടുവട്ടത്തെ ലുക്മാന്‍ മുഹമ്മദ് (56) ആണ് അക്രമത്തിനു ഇരയായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കോയമ്പത്തൂരില്‍ സ്വര്‍ണ്ണം വിറ്റത് വഴി ലഭിച്ച 41 ലക്ഷം രൂപയുമായി നാട്ടിലേയ്ക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു ലുക്മാന്‍ മുഹമ്മദ്. മരപ്പാലത്തിനു സമീപത്ത് എത്തിയപ്പോള്‍ ബൈക്കിനു മുന്നില്‍ കാര്‍ റോഡിനു കുറുകെ നിര്‍ത്തിയിട്ടാണ് ലുക്മാനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊഴിഞ്ഞമ്പാറ, മേനോന്‍ പാറയ്ക്കു സമീപത്തു എത്തിച്ച് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പണവും മൊബൈല്‍ ഫോണും ബൈക്കുമായാണ് അക്രമി സംഘം കടന്നു കളഞ്ഞത്. എട്ടുപേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മറ്റു പ്രതികളെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തുടരുന്നു.
അറസ്റ്റിലായ നീലേശ്വരം, പള്ളിക്കര സ്വദേശി സുധീഷിനെതിരെ കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നീലേശ്വരത്തെ ജയന്‍ കേസിലെ പ്രതിയാണ് ഇയാളെന്നു കൂട്ടിച്ചേര്‍ത്തു.






