വീണ്ടും വിവാഹം കഴിച്ചതിലുള്ള പ്രതികാരം: ഗര്‍ഭിണിയായ 29 കാരിയെ കുത്തിക്കൊലപ്പെടുത്തിയശേഷം പൂച്ചട്ടി കൊണ്ട് തല അടിച്ചു തകര്‍ത്തു; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഹൈദരാബാദ്: ഗര്‍ഭിണിയായ 29 കാരിയെ കുത്തിക്കൊലപ്പെടുത്തിയശേഷം പൂച്ചട്ടി കൊണ്ട് തല അടിച്ചു തകര്‍ത്ത സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍. വനസ്ഥലിപുരത്തെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന സുനിത എന്ന യുവതിയാണ് മുന്‍ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എന്‍ജീനറുമായ ദേവരകൊണ്ട മഹേഷിന്റെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്.

ഗര്‍ഭിണിയായതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു സുനിത. ഇതിനിടെയാണ് മഹേഷ് സുനിതയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി കൊലപാതകം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ മഹേഷ് സുനിതയുടെ മുറിയിലേക്ക് കയറിയശേഷം മുറി അകത്ത് നിന്ന് പൂട്ടുകയും സുനിതയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സുനിത സംഭവസ്ഥലത്ത് തന്നെ മരിച്ചു.

വീണ്ടും വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും മഹേഷിനെതിരെ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്തതുമാണ് അയാളെ ക്രൂരമായ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. മഹേഷിനെതിരെ കേസ് ഫയല്‍ ചെയ്തത് അദ്ദേഹത്തിന്റെ വിദേശയാത്രയെ ബാധിച്ചതായാണ് സൂചന.

സംഭവം നടക്കുമ്പോള്‍ സുനിതയുടെ ഭര്‍തൃ മാതാവ് ടെറസില്‍ വസ്ത്രങ്ങള്‍ ഉണക്കുകയായിരുന്നു. സഹോദരീ ഭര്‍ത്താവ് മറ്റൊരു മുറിയിലായിരുന്നു. നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സുനിതയെ ആണ് കാണുന്നത്. കൈവശമുണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് മുറി കത്തിക്കുമെന്ന് മഹേഷ് ഭീഷണിപ്പെടുത്തിയതായി സുനിതയുടെ ഭര്‍തൃവീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

2022 ല്‍ ആണ് സുനിതയും മഹേഷുമായുള്ള വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് കുറച്ചുകാലം ഇരുവരും കാനഡയില്‍ ജോലി ചെയ്തിരുന്നു. അതിനിടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും വേര്‍പിരിയാന്‍ തീരുമാനിക്കുകയുമായിരുന്നു. 2024ല്‍ ഇരുവരും വിവാഹമോചനം നേടി. 2025 ഏപ്രിലില്‍ സുനിത വീണ്ടും വിവാഹം കഴിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, അമ്മയുടെ മരണത്തെ തുടര്‍ന്നാണ് മഹേഷ് ഇന്ത്യയിലെത്തിയത്. സുനിതയുടെ കേസുമായി ബന്ധപ്പെട്ട് മഹേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ തിരികെ പോകാന്‍ കഴിഞ്ഞില്ല, പാസ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്തു. അതിനുശേഷം, തെലങ്കാനയിലെ വീട്ടില്‍ ജോലിയില്ലാതെ കഴിയുകയായിരുന്നു.

കഴിഞ്ഞ രണ്ട് മാസമായി, സുനിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അവളുടെ വിലാസം ട്രാക്ക് ചെയ്ത മഹേഷ് ഹൈദരാബാദിലേക്ക് താമസം മാറി ഹോസ്റ്റലില്‍ താമസിച്ച് ആക്രമണം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. രണ്ട് കത്തികള്‍, ഒരു ഡ്രില്ലിംഗ് മെഷീന്‍, ഒരു ചെയിന്‍സോ, അഞ്ച് ലിറ്റര്‍ പെട്രോള്‍ കാന്‍ എന്നിവ അടങ്ങിയ ഒരു ബാഗുമായാണ് ഇയാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്.

കൊലപാതക വിവരം അറിഞ്ഞ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ മഹേഷ് മുറിക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് ശുചിമുറിയില്‍ കയറി പൂട്ടിയിരിക്കുകയായിരുന്നു. സുനിത മൂന്ന് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page