കാസര്‍കോട്: വേനല്‍ ആരംഭിച്ചതിനു പിന്നാലെ കാസര്‍കോട് ജില്ല കടുത്ത ജലക്ഷാമത്തിലേയ്ക്ക്. ജില്ലയിലെ പ്രധാന പുഴകളില്‍ ഒന്നായ അംഗഡിമുഗര്‍ പുഴ പൂര്‍ണ്ണമായും വറ്റി വരണ്ടു. അംഗഡിമുഗര്‍ പാലത്തിനു മുകളില്‍ നിന്നു നോക്കിയാല്‍ പക്ഷിക്കുഞ്ഞിനു കുടിക്കാനുള്ള വെള്ളം പോലും പുഴയിൽ കാണാനില്ല. പുഴ വറ്റിയതിനു പിന്നാലെ തീരത്തുള്ള കുറ്റിക്കാടുകളും മരങ്ങളും കരിഞ്ഞുണങ്ങി തുടങ്ങി. ജില്ലയിലെ പല പുഴകളും വരും ദിവസങ്ങളില്‍ സമാന അവസ്ഥയിലേയ്ക്ക് എത്തുമെന്ന ഭീതിയിലാണ് ജനങ്ങള്‍. വേനല്‍ തുടങ്ങിയതോടെ തോടുകളും കുളങ്ങളും വറ്റി വരണ്ടുതുടങ്ങിയിട്ടുണ്ട്.ഇത് കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. അതേസമയം പുഴയോരങ്ങളിലെ തോട്ടങ്ങളിൽ അമിതമായ ജലചൂഷണം നടക്കുന്നതായി പരക്കെ ആക്ഷേപം ഉണ്ട്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.






