തിരുവനന്തപുരം: അഭിഭാഷക ക്ഷേമനിധി ആനുകൂല്യം 20 ലക്ഷം രൂപയായി വർധിപ്പിച്ചു. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. ഇതിൻ്റെ ഭാഗമായി നിലവിലുള്ള ആക്ടില്‍ ഭേദഗതി വരുത്തും. 2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ മന്ത്രിസഭ അംഗീകരിച്ചു. പ്രാക്ടീസ് അവസാനിപ്പിക്കുമ്പോൾ നൽകുന്ന ആനുകൂല്യത്തിൻ്റെയും മരണാനന്തരം നൽകുന്ന ആനുകൂല്യത്തിന്റെയും നിലവിലുള്ള പത്തു ലക്ഷം രൂപ എന്ന പരിധി ഉയർത്തി യാണ് പരമാവധി ഇരുപത് ലക്ഷം രൂപയായി വർധിപ്പിക്കുന്നത്. ഇതിനു പുറമെ പ്രധാനമായ ശസ്ത്രക്രിയകൾക്കും ക്യാൻസർ ചികിത്സയ്ക്കുമുള്ള സാമ്പത്തിക സഹായം നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി വർധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.







