കൊച്ചി: ജയസൂര്യ മുഖ്യവേഷത്തിലെത്തിയ ആട് സിനിമയിലെ ഓരോ കഥാപാത്രത്തേയും ആളുകള്‍ ഇന്നും നെഞ്ചിലേറ്റുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അന്നുതൊട്ട് ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകള്‍ക്കുമായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. തിയറ്ററില്‍ അത്രത്തോളം പ്രേക്ഷക പ്രീതി നേടിയ ഷാജി പാപ്പനും കൂട്ടുകാരും ഇടവേളയ്ക്ക് ശേഷം വീണ്ടും വരുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഇപ്പോള്‍ ആട് ആദ്യ രണ്ട് ഭാഗങ്ങളിലും ഇല്ലാതിരുന്ന ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. നടിയും സ്റ്റണ്ട് താരവുമായ അലെയ ബോണിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. വിദേശ താരമായ ഇവര്‍ പാര്‍ക്കൗറില്‍ വിദഗ്ധ പരിശീലനം നേടിയിരുന്നു. ആട് 3 ലെ ക്യാരക്റ്റര്‍ പോസ്റ്ററിനൊപ്പമാണ് മിഥുന്‍ അലെയയെ പരിചയപ്പെടുത്തിയിരിക്കുന്നത്. കെയ്റ്റ് ലാറ എന്നാണ് ആട് 3 ല്‍ അലെയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകളില്‍ പഴയ രാജഭരണ കാലത്തെ കഥാപാത്രങ്ങളുടെ വേഷങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്നാണ് നിലവിലെ കാലത്തെ കഥാപാത്രങ്ങളുടെ ലുക്കുകള്‍ പുറത്തുവിടുന്നത്. സണ്ണി വെയ്‌നിന്റെ സാത്താന്‍ സേവ്യര്‍, സൈജു കുറുപ്പിന്റെ അറയ്ക്കല്‍ അബു, ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ക്യാപ്റ്റന്‍ ക്ലീറ്റസ് എന്നിവരുടെ പോസ്റ്ററുകള്‍ ആദ്യം പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് അലെയയുടെ പോസ്റ്ററും എത്തിയിരിക്കുന്നത്. ഏതായാലും പോസ്റ്ററിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.







