കാസര്‍കോട്: സമസ്ത നൂറാംവാര്‍ഷിക മഹാസമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള പൊതു സമ്മേളനം ഇന്ന് (ഞായര്‍) വൈകിട്ട് നടക്കും. സമ്മേളന നഗരിയിലേയ്ക്ക് രാവിലെ തന്നെ പ്രവര്‍ത്തകരുടെ പ്രവാഹം തുടങ്ങി. അഞ്ചു ലക്ഷത്തോളം പേര്‍ അണി നിരക്കുമെന്നാണ് സ്വാഗത സംഘത്തിന്റെ കണക്കു കൂട്ടല്‍.
വൈകുന്നേരം നാലരമണിക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്തിലെ റെക്ടര്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സലാമ ജുമുഅലി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് മുഖ്യപ്രഭാഷണവും പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ശതാബ്ദി സന്ദേശവും നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും. കുണിയ കോളേജിനു മുന്നിലാണ് പൊതുസേേമ്മളനം ഇവിടെ കൂറ്റന്‍ വേദിയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.
ആള്‍ക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് കുണിയ ദേശീയപാതയിലും സമീപത്തും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊയ്‌നാച്ചിക്കും പെരിയക്കും ഇടയില്‍ ദേശീയ പാതയില്‍ കൂടി മാത്രമേ വാഹനങ്ങളെ കടത്തിവിടുകയുള്ളൂ. ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളെ തളിപ്പറമ്പില്‍ നിന്നും കുമ്പളയില്‍ നിന്നും മലയോര ഹൈവേയിലേയ്ക്ക് വഴി തിരിച്ചു വിട്ടിട്ടുണ്ട്.
സമ്മേളനത്തിനു എത്തുന്ന വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തകരെ കുണിയയില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ പാര്‍ക്കിംഗ് ഏരിയകളിലേയ്ക്ക് പോകണം. മടക്കയാത്രയ്ക്കായി പ്രവര്‍ത്തകര്‍ പാര്‍ക്കിംഗ് സ്ഥലത്തെത്തി വാഹനങ്ങളില്‍ കയറണമെന്നു പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സുരക്ഷയ്ക്കായി ജില്ലയിലെ വിവിധ പൊലീസ് ഉദ്യോഗസ്ഥരെ കുണിയയില്‍ നിയോഗിച്ചിട്ടുണ്ട്.







