ക്വാറം തികയാതെ ഗ്രാമസഭ: പുത്തിഗെ മുഖാരിക്കണ്ടം വാര്‍ഡിലെ ഗ്രാമസഭ പൊളിഞ്ഞു; വീണ്ടും യോഗം തിങ്കളാഴ്ച, പഞ്ചായത്ത് മെമ്പര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

കുമ്പള: ക്വാറം തികഞ്ഞിട്ടു ഗ്രാമസഭ നടത്തിയാല്‍ മതിയെന്ന ഗ്രാമസഭാംഗത്തിന്റെ നിര്‍ദ്ദേശം കേട്ട വാര്‍ഡ് ജനപ്രതിനിധി പാര്‍ട്ടിക്കാരനായ പരാതിക്കാരനെ പുലഭ്യം പറഞ്ഞു മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായി പരാതി.
പുത്തിഗെ പഞ്ചായത്ത് മുഖാരിക്കണ്ടം വാര്‍ഡ് മെമ്പര്‍ മുഖാരിക്കണ്ടം കേശവനെതിരെ കോണ്‍ഗ്രസ് നേതാവും കര്‍ഷക സംഘടനാ നേതാവുമായ ഷുക്കൂര്‍ കണാജെയാണ് പരാതി നല്‍കിയത്. ആഭ്യന്തര മന്ത്രി പിണറായി വിജയന്‍, ഡിജിപി, ജില്ലാ കളക്ടര്‍, പൊലീസ് ചീഫ്, ബദിയഡുക്ക പൊലീസ് എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്.
മുഖാരിക്കണ്ടം ഗ്രാമസഭ ഇന്നലെ 10 മണിക്കു മുഖാരിക്കണ്ടം അംഗന്‍വാടിയില്‍ വിളിച്ചിരുന്നുവെന്നു പറയുന്നു. വാര്‍ഡ് സഭ കൂടുന്ന വിവരം വാര്‍ഡിലെ ജനങ്ങളെ അറിയിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഗ്രാമസഭ നടക്കുന്നെന്ന് ആരോ പറഞ്ഞതറിഞ്ഞു പതിനൊന്നു മണിയോടെ അംഗന്‍വാടിയിലേക്കു ചെന്ന ഷുക്കൂര്‍ റിപ്പോര്‍ട്ടു ബുക്കില്‍ ഒപ്പിട്ട ശേഷം യോഗത്തില്‍ പങ്കെടുത്തവരുടെ പേരും ഒപ്പുമടങ്ങിയ പേജിന്റെ ഫോട്ടോ എടുത്തു. അതിനു ശേഷം പഞ്ചായത്ത് പ്രസിഡണ്ടായ കോണ്‍ഗ്രസ് അംഗത്തോടു ക്വാറം തികയാതെ ഗ്രാമസഭ നടത്തരുതെന്നാവശ്യപ്പെട്ടു. അപ്പോള്‍ 37 പേരേ യോഗത്തിനെത്തിയിരുന്നുള്ളൂ.
മുഖാരിക്കണ്ടം വാര്‍ഡില്‍ 1300 അംഗങ്ങളുണ്ടെന്നും അതില്‍ പത്തു ശതമാനം പേരെങ്കിലും യോഗത്തിനുണ്ടായിരിക്കണമെന്നും ഷുക്കൂര്‍ പറഞ്ഞതോടെ പ്രസിഡന്റ് വാര്‍ഡ് മെമ്പറുടെ സ്വാഗതം പറച്ചില്‍ നിറുത്തിച്ചു. അരമണിക്കൂര്‍ കഴിഞ്ഞു യോഗം ചേരാമെന്നു പറഞ്ഞു യോഗ നടപടികള്‍ നിറുത്തിവച്ചു. അതോടെ മെമ്പര്‍ ഗ്രാമസഭാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടു. 12 മണിയോടെ എട്ടു ഭീകരര്‍ ഉള്‍പ്പെടെ ഏതാനും പേര്‍ കൂടി യോഗസ്ഥലത്തെത്തിയെന്നും അവര്‍ ഷുക്കൂറിനു ചുറ്റും വട്ടമിട്ടു പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഷുക്കൂര്‍ പരാതിയില്‍ പറഞ്ഞു. അവരോടു സംസാരിക്കുന്നതിനിടയില്‍ പഞ്ചായത്ത് മെമ്പര്‍ അവിടെയെത്തി തറ, പറ എന്നൊക്കെ പറയുകയും പിന്നീടു തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നത്രെ. തന്നെക്കൊണ്ടു മെമ്പറുടെ ജാതിപ്പേരു വിളിപ്പിക്കാന്‍ കുറേ ശ്രമം നടന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
രംഗം വഷളാകുന്നതു കണ്ടു പ്രസിഡന്റ് യോഗം പിരിച്ചുവിടുകയും തിങ്കളാഴ്ച വീണ്ടും യോഗം ചേരാന്‍ തീരുമാനിക്കുകയുമായിരുന്നു. ഷുക്കൂര്‍ ജാതിപ്പേരു വിളിച്ചു ആക്ഷേപിച്ചുവെന്നു പരാതി കൊടുക്കുമെന്നു വാര്‍ഡ് മെമ്പര്‍ നേരത്തെ പലരോടും പറഞ്ഞിട്ടുണ്ടെന്നു പരാതിയില്‍ ഷുക്കൂര്‍ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ പേരില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page