നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവം; മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരേ വേദിയില്‍

കാസര്‍കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു ആസന്നമായി കൊണ്ടിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിനു ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു പ്രവര്‍ത്തകരെ സജ്ജമാക്കാനും ജനകീയ അടിത്തറ ഉറപ്പാക്കാനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ യാത്രയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയും തുടരുന്നു. രണ്ടു യാത്രകളും ആരംഭിച്ചത് കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ നിന്നാണ്. യാത്രകള്‍ അവസാനിക്കുന്നതോടൊപ്പം ഇരുമുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കും. എന്തുവില കൊടുത്തും ഭരണം നിലനിര്‍ത്തുകയാണ് സി പി എം നേതൃത്വം നല്‍കുന്ന ഇടതു മുന്നണിയുടെ ലക്ഷ്യം. എന്നാല്‍ രണ്ടു തെരഞ്ഞെടുപ്പുകളില്‍ കൈവിട്ടുപോയ ഭരണം മൂന്നാമത്തെ തെരഞ്ഞെടുപ്പില്‍ കൈപ്പിടിയിലൊതുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫിന്റെ ലക്ഷ്യം.
ഭരണം നിലനിര്‍ത്താന്‍ എല്‍ ഡി എഫും പിടിച്ചെടുക്കാന്‍ യു ഡി എഫും ആവനാഴിയിലെ അവസാനത്തെ ആയുധവും തൊടുക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
സംസ്ഥാന രാഷ്ട്രീയം തിളച്ചു മറിയാന്‍ തുടങ്ങി കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും എതിര്‍പക്ഷത്തുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് (ഞായര്‍) ഒരേ വേദിയില്‍ എത്തുന്നു. കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ സമാപന പൊതു സമ്മേളനത്തിലാണ് ഇവര്‍ ഒരേ വേദിയില്‍ അണി നിരക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page