വിഷംകഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ജീവനൊടുക്കിയത് പ്ലാസ്റ്റിക് കത്തിച്ച വിരോധത്തില്‍ അയല്‍വാസിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുന്‍ പിലിക്കോട് സ്വദേശി

കാസര്‍കോട്: എലിവിഷം കഴിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍, ഒളവറയിലെ പി സനല്‍(36) ആണ് മരിച്ചത്. ഫെബ്രുവരി മൂന്നിനാണ് സനലിനെ ഒളവറയില്‍ സ്വന്തം ഓട്ടോയില്‍ എലി വിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതനായ മോഹനന്‍- സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: രഹന. മക്കള്‍: അനയ്, അഭയ്. സഹോദരങ്ങള്‍: സജിത, സവിത.
2020 ഏപ്രില്‍ 26ന് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിലിക്കോട് കരപ്പാത്തെ സുരേന്ദ്രന്‍(65) എന്നയാളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സനല്‍. സംഭവം നടക്കുന്ന സമയത്ത് ഇദ്ദേഹം പിലിക്കോട്, കരപ്പാത്തായിരുന്നു താമസം. സംഭവ ദിവസം വൈകുന്നേരം സുരേന്ദ്രന്‍ തന്റെ പറമ്പില്‍ പ്ലാസ്റ്റിക് കത്തിച്ചതിന്റെ വിരോധത്തില്‍ വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പ്രസ്തുത സംഭവത്തിനു ശേഷമാണ് സനലും കുടുംബവും ഒളവറയിലേയ്ക്ക് താമസം മാറിയതെന്നു പറയുന്നു.
സുരേന്ദ്രന്‍ കൊലക്കേസിന്റെ വിചാരണ കോടതിയില്‍ തുടരുകയാണ്. ഫെബ്രുവരി മൂന്നിന് നടന്ന വിചാരണയില്‍ സനല്‍ കോടതിയില്‍ ഹാജരായിരുന്നു. മടക്കയാത്രയ്ക്കിടയിലാണ് ഒളവറയില്‍ തന്റെ ഓട്ടോയില്‍ വച്ച് ഇയാള്‍ എലിവിഷം കഴിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page