കണ്ണൂര്‍: വേട്ടയാടി കൊന്ന കടുവയുടെ തോലും നഖങ്ങളും പല്ലുകളുമായി ഏഴംഗസംഘം അറസ്റ്റില്‍. കല്ലാകണ്ടിയിലെ ശരത്ത്, ചെറുവാഞ്ചേരിയിലെ അക്കോശന്‍ എന്ന വിദുല്‍, തൂവക്കുന്നിലെ ബാലന്‍, ചെറുവാഞ്ചേരിയിലെ സന്ദീപ്, എരുവട്ടി പെനാജി മൊട്ടയിലെ അശ്വിന്‍, കതിരൂര്‍ മലാലിലെ പോച്ചു എന്ന രഖില്‍, ധര്‍മ്മശാലയിലെ രജീഷ് എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
കതിരൂര്‍ – കായലോട് റോഡില്‍ നിന്ന് മലാല്‍ ഭാഗത്തേക്ക് പോകുന്ന റോഡില്‍ വച്ചാണ് സംഘം പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ സംഘത്തെ പിടികൂടിയത്. സംഘത്തിന് എവിടെനിന്നാണ് കടുവാത്തോലും മറ്റും കിട്ടിയതെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായി ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.







