കാസര്‍കോട്: വെള്ളരിക്കുണ്ട്, മാലോത്ത് മഞ്ചുച്ചാലില്‍ വനംവകുപ്പിന്റെ പിടിയിലായ നായാട്ട് സംഘത്തിനെതിരെ പൊലീസും കേസെടുത്തു. പ്രതികളില്‍ നിന്നു കള്ളത്തോക്കും വെടിയുണ്ടകളും കണ്ടെടുത്ത സാഹചര്യത്തിലാണ് ആയുധ നിയമ പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.

മാലോത്ത്, കൊന്നക്കാട്, ചെരുമ്പക്കോട്, ചാപ്പയില്‍ ഹൗസില്‍ ആര്‍ രാമകൃഷ്ണന്‍ (49), മാലോത്ത്, പഴയങ്കാലിലെ ആര്‍ രാജേഷ് എന്ന മധു (42), മൈക്കയം കളത്തില്‍പ്പറമ്പില്‍ ഹൗസില്‍ കെകെ രതീഷ് (42) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് കഴിഞ്ഞ ദിവസം മഞ്ചുച്ചാലിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ റോഡില്‍ വച്ചാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. വാഹനത്തില്‍ നിന്നു കള്ളത്തോക്ക്, തിരകള്‍, കത്തികള്‍, വേട്ടയാടി പിടിച്ച കാട്ടുപന്നിയുടെ ജഡം എന്നിവയും പിടികൂടിയിരുന്നു. മൃഗവേട്ട നടത്തിയതിനാലാണ് വനംവകുപ്പ് കേസെടുത്തത്. ഈ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കള്ളത്തോക്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.







