സമസ്ത നൂറാം വാര്‍ഷികം: സമാപന പൊതുസമ്മേളനം നാളെ; ഡിഐജി കുണിയയില്‍ എത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി, ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം, 12 നിര്‍ദ്ദേശങ്ങളുമായി ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിനു സമാപനം കുറിച്ചു കൊണ്ടുള്ള പൊതു സമ്മേളനം നാളെ (ഞായര്‍) കുണിയയില്‍ നടക്കും. നാലു ലക്ഷത്തില്‍പ്പരം ആള്‍ക്കാര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്തിലെ റെക്ടര്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, മുഖ്യപ്രഭാഷണവും പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ശതാബ്ദി സന്ദേശവും നടത്തും. സമസ്ത സെന്റിനറി അവാര്‍ഡ് എംഎ യൂസഫലി ചടങ്ങില്‍ ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി കെ. സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. കുണിയ കോളേജിനു മുന്നിലെ പൊതു സമ്മേളന നഗരിയിലെ സുരക്ഷാ മുന്‍ കരുതലുകള്‍ വിലയിരുത്തുന്നതിനായി ഡിഐജി യതീഷ് ചന്ദ്ര കഴിഞ്ഞ ദിവസം കുണിയയില്‍ എത്തി. വിശദമായ പരിശോധനയ്ക്ക് ശേഷം ജില്ലാ പൊലീസ് മേധാവിക്ക് 40നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് ഡിഐജി തിരികെ പോയത്.നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി ജില്ലാ പൊലീസ് മേധാവി ബിവി വിജയഭരത് റെഡ്ഡി 12 പ്രധാന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സമ്മേളനത്തിനു എത്തുന്നവര്‍ അവരുടെ വാഹനങ്ങള്‍ പാര്‍ക്കിംഗ് ഏരിയകളില്‍ മാത്രം നിര്‍ത്തി സമ്മേളന നഗരിയിലേക്ക് നടന്നു പോകണം, മടക്കയാത്രയിലും ഇതേ രീതി പാലിക്കണം. പൊലീസും വളണ്ടിയര്‍മാരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ദേശീയ പാത മുറിച്ചു കടക്കുകയോ, നാല്‍നടയ്ക്ക് ഉപയോഗിക്കാനോ പാടില്ല. ദേശീയ പാതയില്‍ വാഹനങ്ങള്‍ നിര്‍ത്താനോ, പാര്‍ക്ക് ചെയ്യാനോ പാടില്ല, സമ്മേളനത്തില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും ആവശ്യത്തിനു കുടിവെള്ളം കരുതുകയും വേണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
സമാപന സമ്മേളനം കണക്കിലെടുത്ത് ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കണ്ണൂരില്‍ നിന്നു കാസര്‍കോട് ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങള്‍ തളിപ്പറമ്പില്‍ നിന്നു മലയോര ഹൈവെ വഴി പോകണം. മംഗ്‌ളൂരു ഭാഗത്തു നിന്നുള്ള ഹെവി വാഹനങ്ങള്‍ കുമ്പളയില്‍ നിന്നു മലയോര ഹൈവെ വഴിയും മാറിപ്പോകണമെന്ന് അറിയിപ്പില്‍ പറഞ്ഞു.
സമ്മേളനത്തിനു വരുന്ന വാഹനങ്ങള്‍ പെരിയ, പൊയിനാച്ചി എന്നിവിടങ്ങളില്‍ നിന്നു സര്‍വ്വീസ് റോഡ് വഴി സഞ്ചരിച്ച് ആള്‍ക്കാരെ കുണിയയിൽ ഇറക്കിയ ശേഷം പാര്‍ക്കിംഗ് ഏരിയകളിലേക്ക് പോകണമെന്ന് അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page