കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറവിരോഗം ബാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മാത്രമല്ല അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് കാസര്‍കോട്ട് വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ 42 വര്‍ഷം കയ്യിട്ടു നടന്ന മാര്‍ക്‌സിസ്റ്റ്കാര്‍ക്ക് അത്രയും കാലം അവര്‍ മതേതര ശക്തിയായിരുന്നു. അവരുമായുള്ള ബന്ധം മാറിയപ്പോള്‍ അവരെ സിപിഎം വര്‍ഗീയവാദികളാക്കുകയും ചെയ്യുന്നു. അക്കാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയെ വാഴ്ത്തിക്കൊണ്ട് പിണറായി വിജയന്‍ ഇറക്കിയ പ്രസ്താവനകളുണ്ട്. ദേശാഭിമാനി പത്രം ജമാഅത്ത് ഇസ്ലാമിയെ പുകഴ്ത്തി എഡിറ്റോറിയലും എഴുതി. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി സിപിഎം ചങ്ങാത്തം മതിയാക്കി. അപ്പോള്‍ സിപിഎം നേതാക്കള്‍ക്ക് എന്താ മറവി എന്ന് സതീശന്‍ അത്ഭുതപ്പെട്ടു.
മാത്രമല്ല മുസ്ലിംലീഗിന് വര്‍ഗീയത പോരാ എന്ന ഒരു ഉപദേശം കൂടി വച്ചു കാച്ചിയിട്ടുണ്ട്. ലീഗിന് എന്നാണ് വര്‍ഗീയത ഉണ്ടായിരുന്നതെന്ന് സതീശന്‍ സിപിഎമ്മിനോട് ചോദിച്ചു. ബാബരി മസ്ജിദ് സംഭവമുണ്ടായപ്പോള്‍ മുസ്ലിം ലീഗിനെ ചില മുസ്ലിം സംഘടനകള്‍ എതിര്‍ത്തത് ലീഗിന് വര്‍ഗീയത കൂടിയിട്ടായിരുന്നോവെന്ന് അദ്ദേഹം ആരാഞ്ഞു. സിപിഎമ്മിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ എന്തൊരു ന്യൂനപക്ഷ സ്‌നേഹമായിരുന്നു. അതുകഴിഞ്ഞ് ഭൂരിപക്ഷ സ്‌നേഹത്തിന്റെ അപ്പോസ്തലന്മാരാവാന്‍ ശ്രമിച്ചെങ്കിലും അത് തുടക്കത്തില്‍ തന്നെ എട്ടുനിലയില്‍ പൊട്ടി. ഇപ്പോള്‍ കടിച്ചിടവുമില്ല പിടിച്ചിടവുമില്ലെന്ന സ്ഥിതിയിലാവുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ 110 സീറ്റ് കിട്ടുമെന്ന് പിണറായി പറഞ്ഞതിനെ കുറിച്ചാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടും എന്നാണ് പിണറായി ഉദ്ദേശിച്ചതെന്ന് സതീശന്‍ വിശദീകരിച്ചു.







