കെ.എം മാണിയുടെ തട്ടകമായിരുന്ന പാല ത്രികോണ മത്സരത്തിനൊരുങ്ങി; കൊമ്പുകോര്‍ക്കാന്‍ മാണി സി. കാപ്പനും ജോസ് കെ. മാണിയും ഷോണ്‍ ജോര്‍ജും

കോട്ടയം: കെ.എം മാണിയുടെ തട്ടകമായിരുന്ന പാലാ നിയമസഭാ മണ്ഡലം ത്രികോണ മത്സരത്തിന് തയാറെടുക്കുന്നു. കെ.എം മാണിയുടെ മകനും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ ജോസ് കെ. മാണിയും, എന്‍സിപി നേതാവ് മാണി സി.കാപ്പനും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജുമാണ് ഇത്തവണ മണ്ഡലത്തില്‍ കൊമ്പുകോര്‍ക്കുന്നതെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മൂന്ന് പേരും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്. 1970 മുതല്‍ കെ.എം മാണിയും കേരള കോണ്‍ഗ്രസും മാത്രമാണ് മണ്ഡലത്തില്‍ ജയിച്ചിരുന്നത്. എന്നാല്‍ കെഎം മാണിയുടെ മരണത്തോടെ കേരള കോണ്‍ഗ്രസ് തകരുന്ന കാഴ്ചയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രകടമായത്.

2019 ലെ പാലാ ഉപതെരഞ്ഞെടുപ്പില്‍ പാലായിലെ ജനങ്ങള്‍ ജോസ് കെ മാണിയെ കൈവിടുകയും എന്‍സിപി നേതാവ് മാണി സി. കാപ്പന് വോട്ടുനല്‍കുകയുമായിരുന്നു. മൂന്ന് തവണ തുടര്‍ച്ചയായി കെ.എം മാണിയോട് തോറ്റ ചരിത്രമുള്ള മാണി സി കാപ്പനെ കെ.എം മാണിയുടെ അഭാവത്തില്‍ പാലായിലെ ജനങ്ങള്‍ സ്വീകരിച്ചു.

2021ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ പാര്‍ട്ടി എല്‍ഡിഎഫിലെത്തി. സിറ്റിങ്ങ് എംഎല്‍എ മാണി സി കാപ്പനെ വെട്ടി ഇടത് മുന്നണി ജോസ് കെ. മാണിയെ പാലയിലിറക്കി. ഇതില്‍ പ്രതിഷേധിച്ച് എന്‍സിപി വിട്ട മാണി സി കാപ്പന്‍ യുഡിഎഫിലെത്തുകയും ജോസിനെതിരെ മത്സരിക്കുകയും ചെയ്തു. ഫലമറിഞ്ഞപ്പോള്‍ ജോസ് കെ മാണി എട്ടുനിലയില്‍ പൊട്ടി. 15378 വോട്ടിനാണ് അന്ന് മാണി സി കാപ്പനോട് ജോസ് കെ മാണി തോറ്റത്.

ഇത്തവണ പാല തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി മത്സരിക്കുന്നത്. ഇതിന് വേണ്ടി ജനങ്ങളെ കയ്യിലെടുക്കാനുള്ള വിദ്യകളെല്ലാം ജോസ് കെ മാണി ഇറക്കിയിട്ടുണ്ട്. രാജ്യസഭ അംഗമെന്ന നിലയില്‍ കിട്ടിയ ഫണ്ട് പാലായിലെ വികസനത്തിന് വേണ്ടിയാണ് അദ്ദേഹം കൂടുതലായും വിനിയോഗിച്ചത്.

മറുഭാഗത്ത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പാലായ്ക്ക് മന്ത്രി എന്നത് ഉയര്‍ത്തിയാണ് മാണി സി കാപ്പന്റെ പ്രചരണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും കാപ്പന് അനുകൂലമാണ്. ഒരു മാസം മുമ്പ് തന്നെ കാപ്പന്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയിരുന്നു.

കോട്ടയം ജില്ലയില്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് പാലാ. സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ കൂടുതല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. വ്യക്തിപരമായി ഷോണ്‍ പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മുന്‍കാല കണക്കുകള്‍ അനുകൂലമല്ലെങ്കിലും പ്രതീക്ഷ കൈവിടാതെയാണ് പാര്‍ട്ടിയുടെ പ്രചാരണം. 2016 ല്‍ എന്‍ ഹരിയാണ് മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ചത്. 24821 വോട്ടാണ് നേടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page