കുളിച്ചശേഷം ടാപ്പ് ഓഫ് ചെയ്യാന്‍ മറന്നു: പ്രദേശമാകെ ഐസ് കൊണ്ട് മൂടി; ദൃശ്യങ്ങള്‍ വൈറല്‍

ബീജിംഗ്: കുളിച്ചശേഷം ടാപ്പ് ഓഫാക്കാന്‍ മറന്ന യുവതിയുടെ അശ്രദ്ധ കാരണം പ്രദേശമാകെ ഐസ് കൊണ്ട് മൂടിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചൈനയിലെ ഗാന്‍സു പ്രവിശ്യയിലാണ് രസകരമായ സംഭവം. വാങ്ങ് എന്ന യുവതി വീട്ടിലെ കുളിമുറിയില്‍ കയറി കുളിച്ചശേഷം ടാപ്പ് അടയ്ക്കാന്‍ മറന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വാങ്ങ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും പ്രദേശവാസികളോട് ക്ഷമാപണം നടത്തുകയും ചെയ്തത്.

തണുപ്പുകാലമായതിനാല്‍ വാട്ടര്‍ ഹീറ്റര്‍ ഉപയോഗിച്ചാണ് യുവതി കുളിച്ചത്. കുളി കഴിഞ്ഞപ്പോള്‍ സോളാര്‍ വാട്ടര്‍ ഹീറ്ററിന്റെ ടാപ്പ് ഓഫാക്കാന്‍ മറന്നു. പിന്നീട് ഉറങ്ങാന്‍ പോവുകയും ചെയ്തു. അതുകൊണ്ടുതന്നെ ടാപ്പ് തുറന്നിരിക്കുന്നത് ശ്രദ്ധിച്ചില്ല. യുവതിയുടെ ഈ അശ്രദ്ധ കാരണം ഒന്‍പത് മണിക്കൂറാണ് ടാങ്ക് നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകിയത്.

ജനുവരി മധ്യത്തില്‍ ഈ പ്രവിശ്യയില്‍ രാത്രി കാലങ്ങളില്‍ താപനില മൈനസ് എട്ട് ഡിഗ്രി സെല്‍ഷ്യസായി രുന്നു. റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് വാട്ടര്‍ ഹീറ്ററിന്റെ സംഭരണ ടാങ്ക് സ്ഥാപിച്ചിരുന്നത്. ടാങ്കില്‍ നിന്നും കവിഞ്ഞൊഴുകിയ വെള്ളം അപ്പാര്‍ട്ട്‌മെന്റുകളുടെ പുറംഭിത്തിയിലൂടെ അരുവി പോലെ ഒഴുകി താഴെ റോഡിലേക്ക് എത്തി.

മൈനസ് എട്ട് ഡിഗ്രി തണുപ്പുള്ള സമയമായതിനാല്‍ വെള്ളം വേഗത്തില്‍ ഐസ് രൂപത്തിലായി. രാവിലെ ആറുമണിക്ക് വാങ്ങിന്റെ അച്ഛനാണ് വ്യായാമത്തിനായി പുറത്തുപോകുമ്പോള്‍ റോഡിലാകെ ഐസ് മൂടിയിരിക്കുന്നത് കണ്ടത്. ആരെങ്കിലും അബദ്ധത്തില്‍ ടാപ്പ് തുറന്നുവിട്ട് ഓഫ് ചെയ്യാന്‍ മറന്നുകാണുമെന്നായിരുന്നു പിതാവ് കരുതിയത്. കൂടുതല്‍ പരിശോധിച്ചതോടെയാണ് തന്റെ വീട്ടില്‍ നിന്നാണ് വെള്ളം ഒഴുകുന്നതെന്ന് അറിയുന്നത്. തുടര്‍ന്ന് മകളെ വിളിച്ച് വിവരമറിയിച്ചു, ഐസ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

മറ്റൊന്നും ആലോചിക്കാതെ വാങ്ങ് കുടുംബത്തിനൊപ്പം ഷവ്വലുകള്‍ ഉപയോഗിച്ച് വഴിയില്‍ നിന്നും ഐസ് നീക്കം ചെയ്യാനുള്ള ജോലി തുടങ്ങി. ഐസ് പാളികള്‍ കട്ടിയേറിയതായതിനാല്‍ അത് അലിയിച്ച് നീക്കം ചെയ്യാനുള്ള എളുപ്പത്തിന് സമീപത്തെ കടകളില്‍ നിന്ന് വലിയ അളവില്‍ ഉപ്പും അവര്‍ക്ക് വാങ്ങേണ്ടി വന്നു. അങ്ങനെ പ്രദേശത്തെ കടകളിലെ ഉപ്പു മുഴുവന്‍ വാങ്ങിയെന്ന് വാങ്ങ് സമൂഹ മാധ്യമത്തിലൂടെ പറയുന്നു. ഐസ് നീക്കം ചെയ്യാനുള്ള കുടുംബത്തിന്റെ കഷ്ടപ്പാട് കണ്ട് സഹതാപം തോന്നി പ്രദേശത്തുണ്ടായിരുന്ന ചില പ്രോപ്പര്‍ട്ടി മാനേജ്മെന്റ് ജോലിക്കാര്‍ കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നതിനാല്‍ തെന്നി വീഴുന്ന പരുവത്തില്‍ കിടന്ന റോഡ് വൃത്തിയാക്കിയെടുക്കാനായെന്ന് വാങ്ങ് പറയുന്നു.

ടാപ്പ് അടയ്ക്കാത്തതിനെ തുടര്‍ന്ന് ഒരു പ്രദേശം മുഴുവന്‍ ഉണ്ടായ ദുരിതത്തില്‍ അച്ഛന്‍ തന്നെ ശകാരിച്ചു എന്ന് യുവതി പറയുന്നു. ഐസില്‍ തെന്നി വീണ് ആര്‍ക്കും അപകടം ഉണ്ടാകാത്തത് ഭാഗ്യമായി എന്നും കുറിപ്പിലുണ്ട്. പ്രദേശവാസികള്‍ക്ക് താന്‍മൂലം ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് വാങ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page