നാടിന് മലിനജലം ഉറപ്പായി; ഒന്നരക്കോടി രൂപയുടെ കുമ്പള മീന്‍ മാര്‍ക്കറ്റ്: പൊലീസും ഹാര്‍ബര്‍ വിഭാഗവും അന്വേഷണത്തില്‍

കുമ്പള: ഒരു കോടി 38 ലക്ഷം രൂപ ചെലവില്‍ കുമ്പളയില്‍ സ്ഥാപിച്ച മീന്‍ മാര്‍ക്കറ്റില്‍ നിന്നു കരിങ്കട്ട പോലുള്ള മലിനജലം റോഡിലൊഴുകുന്നു. ഒന്നരക്കോടിയുടെ ദുര്‍ഗന്ധവും കൊതുകുശല്യവും കൊണ്ടു ജനങ്ങള്‍ വിഷമിക്കുന്നു.
കുമ്പള പഞ്ചായത്തില്‍ ഹാര്‍ബര്‍ ഫണ്ട് ഉപയോഗിച്ചാണ് നഗരഹൃദയഭാഗത്ത് ഒരു കൊല്ലം മുമ്പ് മീന്‍മാര്‍ക്കറ്റ് നിര്‍മ്മാണം ആരംഭിച്ചതെന്നു പറയുന്നു. മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ പദ്ധതി രേഖ തയ്യാറാക്കിയവര്‍ കെട്ടിടത്തിന്റെ പ്ലാനും ചെലവും വരച്ചു കൊടുക്കുകയായിരുന്നെന്നു പറയുന്നു. അതിനു മുകളിലുള്ള പല തട്ടുകളും അത് അംഗീകരിക്കുകയും കരാറുകാരന് ഇതുവരെ പകുതിപ്പണം കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നു പറയുന്നു. കെട്ടിടം കെട്ടിയവരോ അതിന്റെ മേലാളന്മാരോ മത്സ്യ മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം സംസ്‌കരിക്കുന്നതിനു സംവിധാനമൊന്നും ഉണ്ടാക്കിയിട്ടില്ല. ഒഴുകിപ്പോകാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തു കൊണ്ടു മലിനജലം മാര്‍ക്കറ്റ് റോഡില്‍ ഒഴുകുന്നു. ദുര്‍ഗന്ധം കൊണ്ടു പരിസരവാസികള്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായിക്കഴിഞ്ഞു. മാര്‍ക്കറ്റില്‍ വരുന്നവരും പോകുന്നവരും മലിനജലത്തില്‍ ചവിട്ടി അശുദ്ധരായി മാര്‍ക്കറ്റില്‍ കയറുകയും ഇറങ്ങുകയും ചെയ്യേണ്ട സ്ഥിതിയായിട്ടുണ്ട്. മലിനജലത്തില്‍ കൊതുകുകള്‍ പെറ്റു പെരുകുന്നുണ്ട്. അതു കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയും ഉര്‍ത്തുന്നു.
ഇത് സംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്നു മാര്‍ക്കറ്റിലെത്തിയ ഹാര്‍ബര്‍, പൊലീസ് വിഭാഗങ്ങള്‍ മരാമത്ത് എഞ്ചിനീയറെ വിളിപ്പിച്ചു. എന്താന്ന്, ഒരു വര്‍ഷം കൊണ്ട് 1.38 കോടി രൂപ ചെലവാക്കി ഇവിടെ ഉണ്ടാക്കുന്നതെന്നു മലിനജലത്തിനു മുമ്പില്‍ നിറുത്തി ചോദിക്കുകയും ചെയ്തുവെന്നു നാട്ടുകാര്‍ പറയുന്നു. മരാമത്തിനു കെട്ടിടം പണിയാനുള്ള ചുമതലയേയുള്ളുവെന്നും മലിനജലം ഒഴുക്കിവിടുന്നതിന് ഓവുചാലുണ്ടാക്കേണ്ടത് പഞ്ചായത്താണെന്നും എഞ്ചിനീയര്‍ പറഞ്ഞുവത്രെ.
പഞ്ചായത്ത് ഇനിയെന്തു പറയും എന്നറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. കാല്‍ക്കാശിനു വകയില്ലാതെ സര്‍ക്കാര്‍ പരക്കം പായുമ്പോള്‍ ജനങ്ങളുടെ പണം ഇത്തരത്തില്‍ വിനിയോഗിക്കുന്നത് നാട്ടുകാര്‍ക്ക് കൗതുകകരമായിരിക്കുകയാണ്. നാട് സ്വര്‍ഗ്ഗം ആക്കുന്നതിന്റെ ലക്ഷണമാണിതെന്നു ചിലര്‍ ഊന്നിപ്പറയുന്നുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page