കാസര്‍കോട് : ചിന്മയ മിഷന്‍ വജ്ര ജൂബിലി ആഘോഷമായ ‘ചിന്മയ അമൃത മഹോത്സവ’ത്തോടനുബന്ധിച്ച് കാസര്‍കോട് ചിന്മയ വിദ്യാലയ ക്യാമ്പസില്‍ ചിന്മയ മിഷന്‍ കാസര്‍കോട്, ബദിയടുക്ക, പൊയിനാച്ചി, കാഞ്ഞങ്ങാട്, നീലേശ്വരം കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ സാമൂഹിക ഹനുമാന്‍ ചാലീസാ ഹവനം ഭക്തി സാന്ദ്രമായി നടന്നു.
ചിന്മയ മിഷന്‍ തിരുവനന്തപുരം ആചാര്യന്‍ ബ്രഹ്‌മചാരി സുധീര്‍ ചൈതന്യ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ 108 ഹോമകുണ്ഡങ്ങളില്‍ ഒരേ സമയം ഹവനം സംഘടിപ്പിച്ചു .ചിന്മയ മിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ആമുഖ പ്രഭാഷണം നടത്തി. ഇട നീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി, ശ്രീ നിത്യാനന്ദ യോഗാശ്രമം കൊണ്ടേയൂര്‍ മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി പ്രഭാഷണം നടത്തി. ചിന്മയ മിഷന്‍ ആചാര്യന്മാരായ സ്വാമി വിശ്വാനന്ദ സരസ്വതി, സ്വാമി തത്വാനന്ദ സരസ്വതി, ബ്രഹ്‌മചാരിണി ദിശാ ചൈതന്യചടങ്ങില്‍ സാന്നിഹിതരായിരുന്നു. ഹവനത്തോടനുബന്ധിച്ച് ചിന്മയ മിഷന്റെ ‘ഭവന രഹിതര്‍ക്കൊരു ഭവനം’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഒമ്പതാമത്തെ ഭവനത്തിന്റെ താക്കോല്‍ ദാന കര്‍മ്മം ഇടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി ബദിയടുക്ക സ്വദേശി ശ്രീധരന് നല്‍കി നിര്‍വ്വഹിച്ചു. ഒമ്പതു വീടുകളും നിര്‍മ്മിച്ചു നല്‍കിയ കോണ്‍ട്രാക്ടര്‍ ദിനേശ് നായക് , ഭവനദാന ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കിയ ചിന്മയ ബാലവിഹാര്‍ സേവിക ഇന്ദിര രാധാകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹനുമാന്‍ ചാലീസാഹവനത്തോടൊപ്പം ഭഗവദ് ഗീത പതിനഞ്ചാം അധ്യായം , ഗീതാ പഞ്ചാമൃതം എന്നിവയുടെ സാമൂഹിക പാരായണവും സംഘടിപ്പിച്ചു. സാമൂഹിക ഐക്യവും ആത്മീയ ഉണര്‍വുമാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.







