തിരുവനന്തപുരം: സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ ഇരുകൈകളും അമ്മാവന്‍ വെട്ടിമാറ്റിയതായി പരാതി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പോങ്ങനാട് സ്വദേശി സിന്ധുവിന്റെ കൈകളാണ് അമ്മാവന്‍ മണിക്കുട്ടന്‍ വെട്ടിമാറ്റിയത്.
സിന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ സ്‌കൂട്ടറിന്റെ കാറ്റ് അഴിച്ചുവിടുകയും ടയര്‍ പഞ്ചറാക്കുകയും ചെയ്യുന്നത് മണിക്കുട്ടന്റെ പതിവാണെന്ന് നാട്ടുകാരും കുടുംബവും ആരോപിക്കുന്നു. യുവതിയുടെ പരാതിയില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ പോയ മണിക്കുട്ടന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.







