കൊച്ചി: പെണ്‍സുഹൃത്ത് തള്ളിപ്പറഞ്ഞതിലുള്ള മനോവിഷമത്തില്‍ റെയില്‍വെ ട്രാക്കില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് സാഹസികമായി രക്ഷിച്ചു. മൂന്നുദിവസം മുമ്പ് വിദേശത്തുനിന്നെത്തിയ കോഴിക്കോട് സ്വദേശിയായ 25കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിദേശത്തുനിന്നെത്തിയ യുവാവ് ആമ്പല്ലൂരുകാരിയായ പെണ്‍സുഹൃത്തിന്റ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ പെണ്‍സുഹൃത്ത് ഇയാളെ തള്ളപ്പറഞ്ഞു. തുടര്‍ന്നുണ്ടായ മനോവിഷമത്തിന് പിന്നാലെയായിരുന്നു നാടകീയ സംഭവം.
മുളംതുരുത്തിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കയറിയ യുവാവിനെ കാണാനിടയായ പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മുളംതുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവാവിനെ വീട്ടുകാര്‍ എത്തിയ ശേഷം വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു. യുവാവിന്റെ ജീവന്‍ രക്ഷിച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ പൊലീസിന് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.







