കൊല്ലം: ഉറൂസ് ആള്‍ക്കൂട്ടത്തിനിടയില്‍ പിക്കപ്പ് വാന്‍ ഇരച്ചു കയറി അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അത്യാസന്ന നിലയില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശിനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കൊല്ലം പോരുവഴി മയ്യത്തുംകര ഉറൂസിനിടയിലാണ് പിക്കപ്പ് വാന്‍ പാഞ്ഞു കയറിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. തമിഴനാട് കാഞ്ചീപുരത്തെ രാജകുമാരി (45)ക്കാണ് ഗുരുതരപരിക്കേറ്റത്. ഇവര്‍ മണ്‍പാത്ര കച്ചവടക്കാരിയാണ്. സീനത്ത് (50), സിദ്ദിഖ് (47), അല്‍ത്താഫ് (16), നസിം(17) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. പരിക്കേറ്റവരെ ശാസ്താംകോട്ട സ്വകാര്യാശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വാനും ഡ്രൈവറെയും ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു പറയുന്നു.







