തിരുവല്ല: ഗുണ്ടാപ്പിരിവ് നല്‍കാത്തതില്‍ ക്ഷുഭിതരായ ഗുണ്ടാസംഘം സ്പാ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ കാപ്പാ കേസ് പ്രതി ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഗുണ്ടാതലവന്‍ സുബിന്‍ അലക്‌സാണ്ടറും കൂട്ടാളികളുമാണ് അറസ്റ്റിലായത്. തിരുവല്ല നഗരത്തോട് ചേര്‍ന്ന സ്പായില്‍ ഫെബ്രുവരി ഒന്നിന് നടന്ന സംഭവത്തില്‍ കഴിഞ്ഞദിവസമാണ് പൊലീസ് പ്രതികളെ അറസ്റ്റുചെയ്തത്. കേസില്‍ മൊത്തം ആറു പ്രതികളുണ്ടെന്ന് പറയുന്നു. രണ്ടുപേര്‍ ഒളിവിലാണ്.
അറസ്റ്റിലായ സുബിന്‍ പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള സുബിനെതിരെ പരാതി നല്‍കിയെങ്കിലും പൊലീസ് സ്വീകരിക്കാന്‍ തയാറായില്ലെന്ന് ബലാത്സംഗത്തിനിരയായ സ്പാ ജീവനക്കാരി പറയുന്നു. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിച്ചു. സ്ഥാപനത്തിലുണ്ടായിരുന്ന 25,000 രൂപയുമായാണ് സംഘം സ്ഥാപനത്തില്‍ നിന്ന് പുറത്തുപോയത്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
പരാതിയെ കുറിച്ചറിഞ്ഞ ജില്ലാ പൊലീസ് മേധാവിയാണ് ഒടുവില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തിരുവല്ല ഡിവൈഎസ്പിക്ക് ആണ് കേസിന്റെ അന്വേഷണ ചുമതല.







